ബഫര്‍സോണ്‍ പിന്‍വലിക്കല്‍ ഉത്തരവിലും ആശങ്ക; “ഇന്നലെ വരെയുള്ള നടപടികള്‍ സാധുവായി തുടരും’’
Friday, April 4, 2025 2:26 AM IST
ബിനു ജോര്‍ജ്
കോഴിക്കോട്: ഡാമുകള്‍ക്കു ചുറ്റും 20 മീറ്റര്‍ ബഫര്‍സോണും 100 മീറ്റര്‍ പരിധിയില്‍ നിര്‍മാണ നിയന്ത്രണവും ഏര്‍പ്പെടുത്തിയ വിവാദ ഉത്തരവ് പിന്‍വലിച്ചുവെങ്കിലും ഈ ഉത്തരവ് പ്രകാരം ഇന്നലെ വരെ സ്വീകരിച്ച എല്ലാ നടപടികളും സാധുവായി തുടരുമെന്നു ജലവിഭവ വകുപ്പ്.
ഉത്തരവ് പിന്‍വലിച്ചുകൊണ്ട് ജലവിഭവ വകുപ്പ് ഇന്നലെ ഇറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമായി സൂചിപ്പിക്കുന്നത്.
2024 ഡിസംബര്‍ 26ലെ ഉത്തരവു വഴി സംസ്ഥാനത്തെ 61 ഡാമുകളിലും 35 റിസര്വോയറുകളിലുമാണു ബഫര്‍സോണ്‍ പ്രാബല്യത്തില്‍ വന്നിരുന്നത്.
ജനവാസ മേഖലയില്‍ 7732.38 ഏക്കര്‍ നിരോധിത മേഖലയും 38,661.92 ഏക്കര്‍ നിയന്ത്രിതമേഖലയുമായി മാറിയതോടെ ബഫര്‍സോണിനെതിരേ വ്യാപകമായ പ്രതിഷേധമാണുയര്‍ന്നത്. നിയമസഭയിലും പ്രതിപക്ഷം ശക്തമായ എതിര്‍പ്പുയര്‍ത്തിയതോടെ ഉത്തരവ് പിന്‍വലിക്കുമെന്നു വകുപ്പ് മന്ത്രി പ്രഖ്യാപിച്ചതുപ്രകാരമാണ് ഇന്നലെ ഉത്തരവിറങ്ങിയത്.
ബഫര്‍സോണ്‍ നടപ്പിലാക്കിയതോടെ കണ്ണൂര്‍ ഇരിട്ടി പഴശി അണക്കെട്ടിന്റെയും റിസര്‍വോയറിന്റെയും തീരങ്ങളില്‍ പ്രാബല്യത്തില്‍വന്ന ബഫര്‍സോണ്‍ കാരണം പായം പഞ്ചായത്തില്‍ ഏതാനും വീടുകള്‍ക്കു ജലവിഭവവകുപ്പ് എന്‍ഒസി നല്‍കിയിരുന്നില്ലെന്ന് പരാതിയുയര്‍ന്നിരുന്നു.
ഇരിട്ടി നഗരസഭാ വഴിയോര മാര്‍ക്കറ്റിനും സിജെ ബില്‍ഡ്വെയര്‍ സ്ഥാപനത്തിന്റെ ഗോഡൗണ്‍ നിര്‍മാണത്തിനുമുള്ള അപേക്ഷയ്ക്കും ജലവിഭവ വകുപ്പ് അനുമതി നല്‍കിയിരുന്നില്ല.
നിയമസഭയില്‍ മോന്‍സ് ജോസഫ് നല്കിയ അടിയന്തര പ്രമേയ നോട്ടിസില്‍ ഡിസംബര്‍ 26ന് ഇറക്കിയ ഉത്തരവ് മൂലം വീട് നിര്‍മിക്കാനാകാതെ ഒട്ടേറെപ്പേര്‍ ബുദ്ധിമുട്ടുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയിരുന്നു.
പഴശി അണക്കെട്ടിന്റെ ബഫര്‍സോണ്‍ മേഖലയില്‍ വരുന്നതിനാല്‍ പെരുമ്പറമ്പ് അളപ്രയില്‍ മാവിലവീട്ടില്‍ എം. സുരേഷ്കുമാറിന്റെ വീടിനു ജലസേചന വകുപ്പ് അനുമതി നിഷേധിച്ചതും മോന്‍സ് ജോസ് നിയമസഭയുടെ ശ്രദ്ധയില്‍കൊണ്ടുവന്നിരുന്നു.
ഇത്തരം പരാതികള്‍ക്കിടെ ബഫര്‍സോണുമായി ബന്ധപ്പെട്ട് ഇന്നലെ വരെ സ്വീകരിച്ച എല്ലാ നടപടികളും സാധുവായി തുടരുമെന്ന ഉത്തരവിലെ പരാമര്‍ശം ഇതിനകം ജലവിഭവ വകുപ്പ് ഉടക്കിട്ട കേസുകളെ പ്രതികൂലമായി ബാധിക്കുമെന്നാണ് ആശങ്ക. അതേസമയം ബഫര്‍സോണ്‍ പ്രാബല്യത്തിലാക്കിയ ഉത്തരവ് പ്രകാരം ജലവിഭവ വകുപ്പ് നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നായിരുന്നു മന്ത്രി റോഷി അഗസ്റ്റിന്റെ പ്രതികരണം.
ഉത്തരവ് നിയമപരമായി നില്ക്കുന്നതിനു വേണ്ടിയാണ് ഇന്നലെ വരെയുള്ള നടപടികള്‍ സാധുവാക്കിക്കൊണ്ടുള്ള സൂചന നല്‍കിയത്. ബഫര്‍സോണ്‍ പ്രകാരം തീരുമാനമെടുത്ത കേസുകള്‍ കേരളത്തിലില്ല. അങ്ങനെയുണ്ടെങ്കില്‍ മാത്രമല്ലേ പ്രശ്നമുണ്ടാവുകയുള്ളൂവെന്നും മന്ത്രി ചോദിച്ചു.
വീടുകളും മറ്റും നിര്‍മിക്കുന്നതിന് പലയിടങ്ങളിലും ജലവിഭവ വകുപ്പ് എന്‍ഒസി നിരസിച്ചുവെന്ന ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, അങ്ങനെയുണ്ടെങ്കില്‍ അത് പ്രത്യേക കേസായി പരിഗണിക്കാമെന്നും മന്ത്രി ദീപികയോടു പറഞ്ഞു.