കെട്ടിട നിർമാണത്തിൽ 11.13 ശതമാനം വർധന
Friday, April 4, 2025 2:26 AM IST
തോമസ് വർഗീസ്
തിരുവനന്തപുരം: സംസ്ഥാനത്ത് നിർമിക്കുന്ന കെട്ടിടങ്ങളിൽ മഹാ ഭൂരിപക്ഷവും കോണ്ക്രീറ്റ് മേൽക്കൂരയാൽ നിർമിക്കപ്പെടുന്നവ. പരന്പരാഗത രീതിയിലുള്ള ഓലമേഞ്ഞ വീടുകൾ നാമമാത്രം.
0.28 ശതമാനം മാത്രമാണ് ഓലമേഞ്ഞവ. ഗ്രാമീണ മേഖലയിൽ ഉൾപ്പെടെ കോണ്ക്രീറ്റ് മേൽക്കൂരയാണ് ഏറ്റവുമധികം പ്രചാരത്തിലുള്ളതെന്നു 2022-23 വർഷത്തെ കെട്ടിടങ്ങളുടെ വിവരങ്ങൾ സംബന്ധിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
തൊട്ടു മുൻവർഷത്തേക്കാൾ സംസ്ഥാനത്ത് ഈ കാലഘട്ടത്തിൽ കെട്ടിട നിർമാണത്തിൽ 11.13 ശതമാനം വർധനയുണ്ടായി. സംസ്ഥാനത്ത് ഈ കാലയളവിൽ 4,39,857 കെട്ടിടങ്ങളാണു നിർമിച്ചത്. ഇതിൽ 3,17,630 എണ്ണം താമസിക്കാനായുള്ള കെട്ടിടസമുച്ചയങ്ങളാണ്.
ഇതിൽത്തന്നെ 3,13,468 എണ്ണവും വീടുകളാണ്. ബാക്കിയുള്ളവ ഫ്ളാറ്റുകളും മറ്റ് അപ്പാർട്ട്മെന്റുകളുമാണ്. ഗാർഹികേതര ഉപയോഗത്തിനായി ഈ കാലയളവിൽ നിർമിച്ചത് 1,22,227 കെട്ടിടങ്ങളാണ്.
തൊട്ടു മുൻവർഷത്തേക്കാൾ ഈ മേഖലയിലെ നിർമാണ വളർച്ച 16.86 ശതമാനമാണ്. സംസ്ഥാനത്ത് ഏറ്റവുമധികം കെട്ടിടങ്ങൾ നിർമിച്ചത് മലപ്പുറത്താണ്. ഇവിടെ 62,576 കെട്ടിടങ്ങൾ നിർമിച്ചപ്പോൾ 10598 കെട്ടിടങ്ങൾ നിർമിച്ച ഇടുക്കിയാണ് പട്ടികയിൽ പിന്നിൽ.
താമസിക്കാനായി ഏറ്റവും കൂടുതൽ വീടുകൾ നിർമിച്ചത് തലസ്ഥാന ജില്ലയായ തിരുവനന്തപുരത്താണ്. 49606 വീടുകൾ തിരുവനന്തപുത്ത് നിർമിച്ചു. സംസ്ഥാനത്ത് ആകെ നിർമിച്ച കെട്ടിടങ്ങളിൽ 72. 2 ശതമാനവും താമസത്തിനായുള്ള വീടുകളാണ്.
നിർമിച്ച കെട്ടിടങ്ങളിൽ 98.1 ശതമാനം സ്വകാര്യ വ്യക്തികളുടെയും 0.73 ശതമാനം സർക്കാർ ഉടമസ്ഥതയിലുമാണ്. 1.25 ശതമാനം ട്രസ്റ്റുകളുടെയും മറ്റും ഉടമസ്ഥതയിലുമാണ്. പുതിയതായി നിർമിക്കപ്പെട്ട കെട്ടിടങ്ങളുടെ സാന്ദ്രത കൂടുതൽ തിരുവന്തപുരത്തും കുറവ് ഇടുക്കി ജില്ലയിലും ആണ്. 2022-23 വർഷം നിർമിച്ച കെട്ടിടങ്ങളുടെ ഉടമസ്ഥരിൽ സ്ത്രീ പുരുഷ അനുപാതം 1: 2.76 എന്ന തോതിലാണ്.