കേരളത്തിനു പുറത്തുനിന്ന് പെട്രോളിയം ഉത്പന്നം കൊണ്ടുവരാൻ പെർമിറ്റ് നിർബന്ധമാക്കി
Saturday, April 5, 2025 1:38 AM IST
തിരുവനന്തപുരം: സംസ്ഥാനത്തിനു പുറത്തുനിന്നു പെട്രോളിയം ഉത്പന്നങ്ങൾ കൊണ്ടുവരാനും സൂക്ഷിക്കാനും പെർമിറ്റ് നിർബന്ധമാക്കി ചരക്കു സേവന നികുതി വകുപ്പ്.
കേരളത്തിനു പുറത്തുനിന്ന് 50 ലിറ്ററോ അതിൽ കൂടുതലോ പെട്രോളിയം ഉത്പന്നങ്ങൾ ഇവിടേക്കു കൊണ്ടുവരുന്ന വ്യക്തികൾ ബില്ല്, ഡെലിവറി നോട്ട് തുടങ്ങിയ രേഖകൾക്കൊപ്പം ഹെഡ്ക്വാർട്ടേഴ്സ് ടാക്സ്പെയർ സർവീസസ് ഡെപ്യൂട്ടി കമ്മീഷണർ അംഗീകരിച്ച പെർമിറ്റിന്റെ ഒറിജിനൽകൂടി ചരക്കുനീക്കം നടത്തുന്പോൾ കരുതണം.
ഒരു പെർമിറ്റ് പ്രകാരം 75 ലിറ്റർ പെട്രോളിയം ഉത്പന്നങ്ങൾ മാത്രമേ സംസ്ഥാനത്തിനകത്തേക്കു കൊണ്ടുവരാനാകൂ. ഒരാൾക്ക് ആഴ്ചയിൽ ഒരു പെർമിറ്റ് മാത്രമേ അനുവദിക്കുകയുള്ളൂ. പെർമിറ്റ് കാലാവധി മൂന്നു ദിവസമായിരിക്കുമെന്നും വിജ്ഞാപനത്തിൽ പറയുന്നു.
ഓയിൽ കന്പനികൾക്കായി കൊണ്ടുവരുന്ന പെട്രോളിയം ഉത്പന്നങ്ങൾക്കും ഇവയുടെ ചില്ലറവില്പനയ്ക്കായി കെജിഎസ്ടി നിയമ പ്രകാരം രജിസ്ട്രേഷനെടുത്ത അംഗീകൃത സ്ഥാപനങ്ങൾക്കും പെർമിറ്റ് ആവശ്യമില്ല.