വഖഫ് നിയമഭേദഗതി; സ്വാഗതാര്‍ഹം: കത്തോലിക്ക കോണ്‍ഗ്രസ്
Friday, April 4, 2025 2:26 AM IST
കൊച്ചി: വഖഫ് നിയമഭേദഗതി ബിൽ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു പാസാക്കിയത് സ്വാഗതാര്‍ഹമാണെന്നും ഇതുവഴി വിവിധ മതസ്ഥരായ സാധാരണക്കാരുടെ ആശങ്കകള്‍ക്ക് പരിഹാരം ലഭിക്കുമെന്നും കത്തോലിക്ക കോണ്‍ഗ്രസ്.
മുനമ്പം പ്രശ്നപരിഹാരത്തിന് വഖഫ് ഭേദഗതി അനിവാര്യമാണ്. ഇതിനായി മുന്നിട്ടിറങ്ങിയ കേന്ദ്രസര്‍ക്കാരിനെ അഭിനന്ദിക്കുന്നുവെന്നും കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്രസമിതി വ്യക്തമാക്കി.
മുനമ്പം നിവാസികളുടെ നിലനില്പിനായുള്ള ആവശ്യത്തെ അവഗണിച്ച കേരളത്തില്‍നിന്നുള്ള എംപിമാരുടെ നിലപാട് പ്രതിഷേധാര്‍ഹമാണ്. നിലവിലെ വഖഫ് നിയമത്തിലെ ചില വ്യവസ്ഥകള്‍ മൂലം മുസ്ലിംകൾ ഉള്‍പ്പെടെ അനേകം ആളുകള്‍ക്ക് കഷ്ടപ്പെട്ടു സമ്പാദിച്ച സ്വത്ത് നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായിരുന്നു.
പുതിയ വഖഫ് നിയമത്തില്‍ ന്യൂനപക്ഷ അവകാശങ്ങളെ ബാധിക്കുന്ന ഭാഗങ്ങളോടു യോജിക്കുന്നില്ല. എന്നാല്‍ സാധാരണക്കാരന് നീതി ലഭ്യമാക്കുന്ന ഭേദഗതി അതേപോലെ നിലനിര്‍ത്തണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിലിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഡയറക്ടര്‍ റവ.ഡോ. ഫിലിപ്പ് കവിയില്‍, ജനറൽ സെക്രട്ടറി ഡോ. ജോസ്കുട്ടി ഒഴുകയില്‍ തുടങ്ങിയവർ പ്രസംഗിച്ചു.