ഭര്‍തൃവീട്ടുകാര്‍ എടുത്ത നൂറു പവന്റെ മാര്‍ക്കറ്റ് വില കിട്ടാൻ ഭാര്യക്ക് അവകാശം
Friday, April 4, 2025 2:26 AM IST
ഇരിങ്ങാലക്കുട: ഭര്‍തൃവീട്ടുകാര്‍ എടുത്ത 100 പവന് സ്വര്‍ണാഭരണങ്ങളുടെ മാര്‍ക്കറ്റ് വില ലഭിക്കുന്നതിനു ഭാര്യക്ക് അവകാശമുണ്ടെന്നു കുടുംബക്കോടതി.ഇരിങ്ങാലക്കുട കുടുംബക്കോടതിയുടേതാണ് വിധി.
ഭര്‍ത്താവും വീട്ടുകാരും മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നും വിവാഹസമ്മാനമായി ലഭിച്ച സ്വര്‍ണാഭരണങ്ങളും ഗൃഹോപകരണങ്ങളും തിരികെ നല്‍കിയില്ലെന്നും ചെലവിനു നല്‍കുന്നില്ലെന്നും കാണിച്ച് കൊടുങ്ങല്ലൂര്‍ അഴീക്കോട് സ്വദേശി പാളയംകോട്ട് ഷൈന്മോള് നല്കിയ ഹര്‍ജിയിലാണ് നടപടി.
ഭാര്യയുടെ 100 പവന് സ്വര്‍ണാഭരണങ്ങള്‍ തിരികെനല്‍കുന്നതിനും ഭാര്യക്കും മകള്‍ക്കും 2014 മുതല്‍ മുന്‍കാലപ്രാബല്യത്തോടെ 12,80,000 രൂപ നല്‍കുന്നതിനും ഭര്‍തൃവീട്ടുകാര്‍ കൈപ്പറ്റിയ എട്ടുലക്ഷം രൂപ തിരികെ നല്‍കുന്നതിനും ഗൃഹോപകരണങ്ങളോ അല്ലെങ്കില്‍ തത്തുല്യസംഖ്യയോ നല്‍കാനുമാണ് വിധി. ഷൈന്മോളും കാളത്തോട് പാളയംകോട്ട് ബോസ്കിയും തമ്മിലുള്ള വിവാഹം 2007 ഒക്ടോബര്‍ 21നാണ് നടന്നത്. 2010ൽ മകള്‍ ജനിച്ചു.
കേസില്‍ ഹാജരായ ബോസ്കിയും മാതാപിതാക്കളും സ്വര്‍ണാഭരണങ്ങളോ പണമോ തങ്ങളുടെ കൈവശമില്ലെന്നും ഭാര്യ പുനര്‍വിവാഹം കഴിച്ചതിനാല്‍ ചെലവിനു ലഭിക്കുവാന്‍ അര്‍ഹതയില്ലെന്നും ഭാര്യയുടെ കൈവശം തങ്ങളുടെ 58 പവന് സ്വര്‍ണാഭരണങ്ങള്‍ ഉണ്ടെന്നും അതു തിരികെ വേണമെന്നും വാദിച്ചെങ്കിലും കോടതി തള്ളി.