വഴി കാണാതെ ചർച്ച: വഴി തടഞ്ഞ് ആശമാർ
Friday, April 4, 2025 2:26 AM IST
തിരുവനന്തപുരം: അൻപത്തിമൂന്ന് ദിവസമായി സെക്രട്ടേറിയറ്റ് പടിക്കൽ സമരം തുടരുന്ന ആശാ വർക്കർമാരുടെ സമരം കൂടുതൽ തീവ്രമാകുന്നു. സമരം അവസാനിപ്പിക്കുന്നതിനായി ഇന്നലെ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ മൂന്നാംവട്ട ചർച്ചയും പരാജയപ്പെട്ടതോടെ പ്രതിഷേധം കനത്തു.
സമരം ചെയ്യുന്ന പ്രവർത്തകർ വീൽച്ചെയറിൽ ഉൾപ്പെടെയെത്തി എംജിറോഡ് ഉപരോധിച്ചു. ചിലർ റോഡിൽ കിടന്നു പ്രതിഷേധിച്ചപ്പോൾ മറ്റു ചിലർ മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.
വൈകുന്നേരം ആറോടെ ചർച്ച പരാജയപ്പെട്ടുവെന്നറിഞ്ഞതിനു പിന്നാലെയായിരുന്നു പ്രതിഷേധം ആരംഭിച്ചത്. ആരോഗ്യമന്ത്രിക്കെതിരേ മുദ്രാവാക്യം വിളയുമായി സമരക്കാർ രംഗത്തെത്തി. മണിക്കൂറുകളോളം എംജി റോഡിലെ ഗതാഗതം സ്തംഭിച്ചു.
അവകാശങ്ങൾ നേടിയിട്ടേ പിരിഞ്ഞു പോകുവെന്ന് സമരസമിതി നേതാവ് വി.കെ. സദാനന്ദൻ പറഞ്ഞു. ഏതു സമരത്തെയും പൊളിക്കാനുള്ള ഏർപ്പാടാണ് കമ്മീഷൻ.
എന്നാൽ ആ കെണിയിൽ ആശാവർക്കർമാരെ വീഴ്ത്താമെന്ന് അധികാരികൾ വിചാരിക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനിടെ ആശാ വർക്കർമാരുടെ സമരം പൂർണമായും ഉൾക്കൊള്ളുന്നുവെന്ന് ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആർ. ചന്ദ്രശേഖരൻ പറഞ്ഞു.
ആശാവർക്കർമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ ഉന്നത ഐഎഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ സമഗ്ര റിപ്പോർട്ട് മൂന്നു മാസത്തിനകം എന്നാണ് സർക്കാർ മുന്നോട്ടുവച്ച നിർദേശമെന്നും ഐഎൻടിയുസി ഈ നിർദേശത്തെ അംഗീകരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.