കണ്ണാടിപ്പായയ്ക്ക് ഭൗമസൂചികാ പദവി
Saturday, April 5, 2025 1:38 AM IST
തൃശൂർ: ആദിവാസിജനതയുടെ കരവിരുതിൽ നെയ്തെടുക്കുന്ന കണ്ണാടിപ്പായയ്ക്കു ഭൗമസൂചികാ പദവി. കേരള വനഗവേഷണകേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് കണ്ണാടിപ്പായയ്ക്ക് പദവി ലഭിച്ചത്. കേരളത്തിൽ ജിഐ ടാഗ് ലഭിക്കുന്ന ആദ്യത്തെ ആദിവാസി ഉത്പന്നമാണിത്.
ഗോത്രജനതയുടെ കരവിരുതിൽ ഞൂഞ്ഞലീറ്റ അഥവാ മെയ്യീറ്റ എന്ന പ്രത്യേക തരം ഈറ്റയുടെ കനം കുറഞ്ഞ, മിനുസപ്പെടുത്തിയ പാളികൾ ഉപയോഗിച്ചാണു കണ്ണാടിപ്പായ നെയ്തെടുക്കുന്നത്. പായയിൽ കലാപരമായി നെയ്തുചേർക്കുന്ന ചതുരങ്ങളെയാണ് കണ്ണാടികളെന്നു വിളിക്കുന്നത്.
ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് തുടങ്ങിയ ജില്ലകളിലെ മണ്ണാൻ, മുതുവാൻ, മലയർ, കാടർ എന്നീ വിഭാഗക്കാരാണ് പ്രധാനമായും കണ്ണാടിപ്പായകൾ നെയ്യുന്നത്.
ഈ സാഹചര്യത്തിലാണ് കേരള വനഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കണ്ണാടിപ്പായ ഭൗമസൂചികാ പദവിയിലേക്കെത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചത്. ഈ ഉത്പന്നങ്ങൾ നിർമിക്കാൻ ആധുനിക യന്ത്രങ്ങൾ ഇറക്കി കെഎഫ്ആർഐ പരിശീലനങ്ങൾ നൽകുന്നുണ്ട്. രാജ്യാന്തര വിപണിയിൽ ശ്രദ്ധവരുത്തുകയാണു ലക്ഷ്യം.
കെഎഫ്ആർഐ ഡയറക്ടർ ഡോ. കണ്ണൻ സി.എസ്. വാര്യർ, മുൻ ഡയറക്ടർ ഡോ. ശ്യാം വിശ്വനാഥ്, കാർഷിക സർവകലാശാലാ ബൗദ്ധിക സ്വത്തവകാശ സെന്റർ മേധാവിയായിരുന്ന ഡോ. സി.ആർ. എൽസി എന്നിവരുടെ ശ്രമഫലമായാണ് ഈ അംഗീകാരം നേടാനായത്.