കണ്ണു മൂടിക്കെട്ടിയും മുട്ടിലിഴഞ്ഞും സമരം
Friday, April 4, 2025 2:26 AM IST
തിരുവനന്തപുരം: പിഎസ്സി റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ചിട്ടും ജോലിക്കുവേണ്ടി കണ്ണുമൂടിക്കെട്ടിയും മുട്ടിലിഴഞ്ഞും അധികാരികളുടെ കനിവുതേടി സമരവുമായി വനിതാ സിപിഒ റാങ്ക് ഹോൾഡേഴ്സ്.
സെക്രട്ടേറിയറ്റ് പടിക്കൽ നിരാഹാര സമരം ആരംഭിച്ച വനിതാ സിപിഒ റാങ്ക് ഹോൾഡേഴ്സിന്റെ ലിസ്റ്റിന്റെ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് നിയമനം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിരാഹാര സമരം രണ്ടാംദിനം പിന്നിട്ടത്. സമരവേദിയിൽ ഇന്നലെ രണ്ടു പേർ കുഴഞ്ഞുവീണു. കുഴഞ്ഞുവീണ ദലീന, അഞ്ജന എന്നിവരെ ആശുപത്രിയിലേക്കു മാറ്റി.
14 ജില്ലകളിൽ നിന്നായി 100 ലധികം പേരാണ് സെക്രട്ടേറിയറ്റ് പടിക്കൽ നിരാഹാരമിരിക്കുന്നത്.2022ൽ പരീക്ഷ നടത്തി നിലവിൽ വന്ന റാങ്ക് ലിസ്റ്റിൽ ആകെ 963 പേരാണ് ഉൾപ്പെട്ടിരുന്നത്. ഇതിൽ 300ൽ താഴെ മാത്രം ആളുകൾക്കാണ് ഇതുവരെ നിയമനം നല്കിയിട്ടുള്ളത്.
വിവരാവകാശ പ്രകാരം ഒഴിവുകളെ സംബന്ധിച്ചു ചോദിച്ചപ്പോൾ 570 ഒഴിവുണ്ടെന്നാണ് ലഭിച്ച മറുപടിയെന്നും എന്നാൽ ഒഴിവുകൾ റിപ്പോർട്ടു ചെയ്യാൻ അധികൃതർ തയാറാവുന്നില്ലെന്നും റാങ്ക് ഹോൾഡേഴ്സ് പറയുന്നു.