റഷ്യയിൽ ചികിത്സയിൽ കഴിയുന്ന ജെയിനിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം പ്രതിസന്ധിയിൽ
Saturday, April 5, 2025 1:38 AM IST
വടക്കാഞ്ചേരി: റഷ്യൻ കൂലിപ്പട്ടാളത്തിലകപ്പെട്ട് യുക്രെയ്ൻ ഡ്രോണാക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുറാഞ്ചേരി സ്വദേശി ജെയിനിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം പ്രതിസന്ധിയിൽ.
ഈ മാസം 13നാണ് ജെയിനിന്റെ എഗ്രിമെന്റ് അവസാനിക്കുന്നത്. വീണ്ടും യുദ്ധമുഖത്തേക്ക് അയയ്ക്കരുതെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി, ഇന്ത്യൻ അംബാസഡർ, കേന്ദ്ര മന്ത്രിമാർ, മുഖ്യമ്രന്ത്രി, എംപിമാർ, സംസ്ഥാന മന്ത്രിമാർ തുടങ്ങിയവർക്കു കത്തുകൾ നൽകാൻ ഒരുങ്ങുകയാണു ജെയിനിന്റെ ബന്ധുക്കൾ.
ഇനിയും യുദ്ധത്തിന് ഇറങ്ങേണ്ടിവന്നാൽ അതെന്റെ അവസാനമായിരിക്കുമെന്ന് ജെയിൻ അയച്ച സന്ദേശത്തിൽ പറയുന്നു. നാട്ടിലെത്തിക്കാൻ ഇതുവരെ ബന്ധുക്കൾ ചെയ്ത ശ്രമങ്ങളൊന്നും വിജയംകണ്ടില്ല.
നാട്ടിലെത്താനുള്ള വഴിയൊരുങ്ങിയില്ലെങ്കില്‍ സൈന്യം സ്വയം കരാര്‍ പുതുക്കി വീണ്ടും യുദ്ധമുഖത്തേക്ക് അയയ്ക്കും. പലരെയും അങ്ങനെ കൊണ്ടുപോയിട്ടുണ്ട്. ചിലരെ കാണാതായി, ചിലരുടെ മൃതദേഹം എവിടെയാണെന്നുപോലുമറിയില്ല. ഈ ഗതി എനിക്കുമുണ്ടാവുമോയെന്നാണ് ഭയം.
കഴിഞ്ഞതവണ ഡ്രോണാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റാണ് മോസ്കോയിലെ സൈനിക ആശുപത്രിയില്‍ എത്തിപ്പെട്ടത്. തലനാരിഴയ്ക്കാണു ജീവൻ തിരിച്ചുകിട്ടിയതെന്ന് ജെയിൻ പറയുന്നു.
ചികിത്സ ഏതാണ്ടു പൂര്‍ത്തിയായെങ്കിലും ഇപ്പോഴും മോസ്കോയിലെ സൈനിക ആശുപത്രിയില്‍നിന്നു സൈന്യം ഈ യുവാവിനെ ഡിസ്ചാര്‍ജ് ചെയ്തിട്ടില്ല. ഇത് കരാര്‍പുതുക്കി വീണ്ടും യുദ്ധം ചെയ്യാന്‍ അയയ്ക്കാനാണോയെന്ന ആശങ്കയിലാണ് ജെയിന്റെ ബന്ധുക്കൾ.
എംബസി അധികൃതര്‍ ബന്ധപ്പെടുന്നുണ്ടെങ്കിലും നാട്ടിലേക്ക് പോവുന്ന കാര്യം സംബന്ധിച്ച് അവര്‍ക്കും കൃത്യമായ വിവരം ലഭിച്ചിട്ടില്ല. ജെയിനിന്റെ ബന്ധുവാണ് കഴിഞ്ഞ ജനുവരിയിൽ യുദ്ധത്തില്‍ പരിക്കേറ്റ് മരിച്ച കുട്ടനല്ലൂര്‍ സ്വദേശി ബിനില്‍.