വഖഫ് ബില്ലിനെ മുനമ്പവുമായി കൂട്ടിയിണക്കി സംഘര്‍ഷത്തിനു ശ്രമം: പ്രതിപക്ഷ നേതാവ്
Friday, April 4, 2025 2:26 AM IST
കൊച്ചി: വഖഫ് ബില്ലിനെ മുനമ്പം വിഷയവുമായി കൂട്ടിയിണക്കി രണ്ടു മത വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാക്കി മാറ്റാന്‍ ശ്രമം നടക്കുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഒരു മതവിഭാഗത്തിന്റെ അവകാശങ്ങള്‍ ഹനിക്കുന്നതിനും അവരെ ദ്രോഹിക്കുന്നതിനുമുള്ള സംഘ്പരിവാര്‍ അജൻഡയുടെ ഭാഗമാണ് വഖഫ് ബില്‍ ഭേദഗതി. അതിനെ കോണ്‍ഗ്രസ് എതിര്‍ക്കുമെന്നതില്‍ ഒരു സംശയവും വേണ്ട.
ഇവിടെ ചിലര്‍ മുനമ്പം വിഷയത്തെയും വഖഫ് ബില്ലിനെയും കൂട്ടിക്കെട്ടാന്‍ ശ്രമിച്ചു. ബിജെപി പാസാക്കിയ ബില്ലില്‍ മുനമ്പത്തെ പ്രശ്നം പരിഹരിക്കാനുള്ള വകുപ്പൊന്നുമില്ല. മുന്‍കാല പ്രാബല്യമില്ലെന്ന് കേന്ദ്രമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വഖഫ് ബില്‍ എങ്ങനെയാണ് മുനമ്പത്തെ ജനങ്ങളെ സഹായിക്കുന്നതെന്നുകൂടി ഈ പ്രചാരണം നടത്തുന്നവര്‍ വ്യക്തമാക്കണം.
മുനമ്പത്തെ വിഷയം സംസ്ഥാനത്തുതന്നെ പരിഹരിക്കണം. സംസ്ഥാനസര്‍ക്കാരും അവര്‍ നിയമിച്ച വഖഫ് ബോര്‍ഡും തീരുമാനിച്ചാല്‍ പരിഹാരമുണ്ടാക്കാന്‍ കഴിയും. മുനമ്പത്തെ ജനങ്ങള്‍ക്ക് അവരുടെ ഭൂമിയില്‍ സ്ഥിരമായ അവകാശം നല്‍കണം. അതു ചെയ്യാതെയാണ് കമ്മീഷനെ നിയോഗിച്ചത്. കോടതിക്ക് പുറത്തുവച്ചു തന്നെ മുമ്പത്തെ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാനാകും. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന നിലപാടാണ് തുടക്കം മുതല്‍ക്കെ യുഡിഎഫ് സ്വീകരിച്ചത്.
ബില്‍ പാസായെന്നു കരുതി മുനമ്പത്തെ വിഷയം പരിഹരിക്കാനാകില്ല. മുനമ്പത്തെ ജനങ്ങളെ കുടിയിറക്കാന്‍ അനുവദിക്കില്ലെന്ന നിലപാടാണ് യുഡിഎഫിന്റേത്. കോണ്‍ഗ്രസ് ദേശീയ നേതൃത്വമാണ് കേരളത്തില്‍നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍ക്ക് ഉള്‍പ്പെടെ വിപ്പ് നല്‍കിയത്. പാര്‍ലമെന്റിന്റെ ഇരു സഭകളിലും ജെപിസിയിലും വഖഫ് ബില്ലിന് എതിരായ നിലപാടാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ സ്വീകരിച്ചത്. ബില്‍ പരിഗണിക്കുമ്പോള്‍ മറ്റൊരു നിലപാട് എടുക്കാനാകില്ല.
ദേശീയതലത്തില്‍ ക്രൈസ്തവരാണ് ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ക്കു വിധേയരാകുന്നത്.ക്രൈസ്തവരെ ആക്രമിക്കുന്നത് സംഘ്പരിവാറുകാരാണ്. കഴിഞ്ഞ ദിവസമാണ് ജബല്‍പുരില്‍ ക്രൈസ്തവര്‍ക്കെതിരേ ആക്രമണം നടത്തിയത്.
തൃശൂര്‍ സ്വദേശിയായ ഫാ. ഡേവിസിനെ പോലീസിനു മുന്നില്‍ വച്ചാണ് ക്രൂരമായി ആക്രമിച്ചത്. വിശ്വാസികളെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചാണ് മര്ദിച്ചതെന്നതും ഓർക്കണം. ഇപ്പോള്‍ മുനമ്പത്തെക്കുറിച്ച് പറയുന്ന ബിജെപിക്കാർ വിഴിഞ്ഞം സമരത്തെ തിരിഞ്ഞുനോക്കാത്തവരാണെന്നും സതീശൻ കൊച്ചിയിൽ പറഞ്ഞു.