തൃശൂര്‍ പൂരം അലങ്കോലപ്പെട്ട സംഭവം: അന്വേഷണം മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി
Saturday, April 5, 2025 1:38 AM IST
കൊച്ചി: തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട അന്വേഷണം മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനു നിര്‍ദേശം നല്കി.
ഇത്തവണത്തെ തൃശൂര്‍ പൂരം നടത്തിപ്പിന് സംസ്ഥാന പോലീസ് മേധാവിയുടെ മേല്‍നോട്ടം ഉണ്ടാകണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. കളക്ടറുടെയും ജില്ലാ പോലീസ് മേധാവിയുടെയും നിയന്ത്രണത്തിലായിരിക്കണം പൂരം നടത്തേണ്ടതെന്നും ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രനും വിജു ഏബ്രഹാമും അടങ്ങിയ ദേവസ്വം ബെഞ്ച് ഉത്തരവിട്ടു.
പരിചയസമ്പന്നരായ പോലീസുകാരെ ഡ്യൂട്ടിക്കു നിയമിക്കണം. ആചാരപരമായ എല്ലാ ചടങ്ങുകളും പാലിച്ചായിരിക്കണം പൂരം നടത്തുന്നതെന്ന് കൊച്ചിൻ ദേവസ്വവും തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും ഉറപ്പാക്കണം. മൂന്നു ദേവസ്വങ്ങളും ഇക്കാര്യത്തില്‍ ഏകോപിച്ചു പ്രവര്‍ത്തിക്കണം.
പൂരം നടത്തിപ്പിനായി നിയോഗിക്കേണ്ട വോളന്റിയര്‍മാരുടെ പട്ടിക തിരുവനമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ ഈ മാസം 25നകം ജില്ലാ ഭരണകൂടത്തിനു കൈമാറണം. ക്രമസമാധാനം ഉറപ്പാക്കുന്നതിനായി ജില്ലാ പോലീസ് മേധാവി പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ കര്‍ശനമായി പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതില്‍ പോലീസ് കമ്മീഷണര്‍ അങ്കിത് അശോകിനെതിരേ അച്ചടക്കനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന് അടക്കമുള്ളവര്‍ ഫയല്‍ ചെയ്ത ഹര്‍ജികളിലാണ് ഉത്തരവ്.