ഐബി ഉദ്യോഗസ്ഥയുടെ മരണം: സഹപ്രവര്ത്തകന് മുന്‍കൂര്‍ ജാമ്യം തേടി
Friday, April 4, 2025 2:26 AM IST
കൊച്ചി: ഐബി ഉദ്യോഗസ്ഥയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആരോപണവിധേയനായ സഹപ്രവര്ത്തകന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി. യുവതിയുടെ വീട്ടുകാര്‍ താനുമായുള്ള വിവാഹത്തെ എതിര്‍ത്തതില്‍ മനംനൊന്താണു ജീവനൊടുക്കിയതെന്നതടക്കം ആരോപണങ്ങൾ ഉന്നയിച്ച് മലപ്പുറം എടപ്പാള്‍ സ്വദേശി സുകാന്ത് സുരേഷാണു ഹര്‍ജി നല്‍കിയത്.
ഉദ്യോഗസ്ഥയുടെ മരണത്തില്‍ തന്റെ പങ്ക് സംശയിച്ചു മാതാപിതാക്കള്‍ പരാതി നല്കിയ പശ്ചാത്തലത്തിലാണു കോടതിയെ സമീപിച്ചത്. തങ്ങള്‍ വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്നെന്നും വിവാഹകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തന്റെ മാതാപിതാക്കള്‍ യുവതിയുടെ വീട്ടില്‍ പോയിരുന്നെന്നും ഹർജിയില്‍ പറയുന്നു.
എന്നാല്‍, സ്വന്തം വീട്ടുകാര്‍ എതിര്‍ത്തതോടെ യുവതി കടുത്ത മാനസികസമ്മര്ദത്തിലായി. ഇതിനിടയില്‍ ജ്യോത്സ്യനെ കണ്ട യുവതിയുടെ വീട്ടുകാര്‍ എതിര്‍പ്പിന് ആക്കവും കൂട്ടി. തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തിനു സമീപം അപ്പാര്ട്ട്മെന്റെടുത്ത് തങ്ങളൊന്നിച്ചു താമസം തുടങ്ങി. ഇതിനുശേഷം യുവതി തിരുവനന്തപുരത്തെ വീട്ടിലേക്കു പോയി.
മരിച്ച ദിവസവും യുവതി തന്നെ വിളിച്ചിരുന്നു. വീട്ടുകാര്‍ വേറെ വിവാഹത്തിനു നിര്ബന്ധിക്കുന്നതിനാല് ഏറെ മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നതായി പറഞ്ഞു. യുവതി ആത്മഹത്യ ചെയ്തതാണെങ്കില്‍ മാതാപിതാക്കളുണ്ടാക്കിയ മാനസികസമ്മര്ദമാണു കാരണം. എന്നിട്ടും തനിക്കെതിരേ അനാവശ്യ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും ഹർജിയിൽ പറ യുന്നു.