മുനമ്പം ജുഡീഷല്‍ കമ്മീഷന് തുടരാന്‍ അനുവദിക്കണമെന്ന് സര്‍ക്കാര്‍
Friday, April 4, 2025 3:08 AM IST
കൊച്ചി: മുനമ്പം ജുഡീഷല്‍ കമ്മീഷന്റെ പ്രവര്‍ത്തനം തുടരാന്‍ അനുവദിക്കണമെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മുനമ്പം ജുഡീഷല്‍ കമ്മീഷൻ നിയമനം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ നല്കിയ അപ്പീലിലാണ് സര്‍ക്കാര്‍ ഇക്കാര്യം ഉന്നയിച്ചത്.
ജുഡീഷല്‍ കമ്മീഷന്റെ കാലാവധി മേയ് 27ന് പൂര്‍ത്തിയാകുമെന്നും അതിനാല്‍ പ്രവര്‍ത്തനം തുടരാന്‍ അനുവദിക്കണമെന്നും അഡ്വക്കറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണ കുറുപ്പ് വാദിച്ചു.
കോടതിയുടെ ഉത്തരവില്ലാതെ കമ്മീഷന് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയോ തുടര്‍നടപടി സ്വീകരിക്കുയോ ചെയ്യില്ലെന്നും വിശദീകരിച്ചു. തുടര്‍ന്നാണ് അപ്പീലില്‍ ഇന്നു വാദം കേള്‍ക്കാന്‍ തീരുമാനിച്ചത്.
റിട്ട. ഹൈക്കോടതി ജഡ്ജി സി.എന്‍. രാമചന്ദ്രന്‍നായര്‍ അധ്യക്ഷനായ കമ്മീഷന് നിലവില്‍ പ്രവര്‍ത്തനം താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ഹര്‍ജിയില്‍ എതിര് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ വഖഫ് സംരക്ഷണവേദി സമയം തേടിയതിനെത്തുടര്‍ന്ന് ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് എസ്. മനു എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് വിഷയം ഇന്ന് വീണ്ടും പരിഗണിക്കാന്‍ മാറ്റി.