ചാലക്കുടിയിലെ പുലി: കണ്ടാലുടൻ മയക്കുവെടിക്ക് കളക്ടറുടെ നിർദേശം
Friday, April 4, 2025 2:26 AM IST
ചാലക്കുടി: ജനവാസമേഖലയിലിറങ്ങിയ പുലിയെ കണ്ടാലുടൻ മയക്കുവെടിവയ്ക്കാൻ ഉത്തരവു നൽകി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ. നിലവിലുള്ള നാലു കൂടുകൾക്കൊപ്പം ഒരെണ്ണംകൂടി സ്ഥാപിക്കും. കൂടുതൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ നിയമിക്കും.
വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരേ കർശനനടപടിയെടുക്കും. സനീഷ്കുമാർ ജോസഫ് എംഎൽഎയുടെയും കളക്ടറുടെയും നേതൃത്വത്തിൽ ചേർന്ന അടിയന്തരയോഗത്തിലാണു കളക്ടർ ഇക്കാര്യം അറിയിച്ചത്. പുലിയെ എത്രയും പെട്ടെന്നു പിടികൂടണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു.
പുലിയുടെ നീക്കമറിയാൻ 69 കാമറകൾ സ്ഥാപിച്ചു. ആവശ്യമെങ്കിൽ കൂടുതൽ കാമറകൾ സ്ഥാപിക്കും. മൂന്ന് വെറ്ററിനറി ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ടീം സജ്ജമാണെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. പുലിയെ കണ്ടെത്തുന്നതിനായി തെരച്ചില്‍ ഊര്‍ജിതമായി നടത്തുന്നുണ്ടെന്ന് ഡിഎഫ്ഒ യോഗത്തില്‍ അറിയിച്ചു.
കൂടുകൾക്കടുത്തേക്കും ചാലക്കുടി പുഴയോരങ്ങളിലേക്കും പോകരുതെന്ന വനംവകുപ്പിന്റെ നിർദേശങ്ങൾ പാലിക്കണമെന്നും അടിക്കാടുകൾ വെട്ടുന്നതിനു തദ്ദേശസ്ഥാപനങ്ങൾ നടപടിയെടുക്കണമെന്നും യോഗം നിർദേശം നൽകി.
24 മണിക്കൂറും സജ്ജമായ കണ്ട്രോൾ റൂം നിലവിലുണ്ട്. കാൽപ്പാടുകളുടെ മാതൃകയും കൈമാറി. ഇതിനു സമാനമായ കാൽപ്പാടുകൾ കണ്ടാൽ കണ്ട്രോൾ റൂമിൽ അറിയിക്കണം. ഫോണ്‍: 9188407529. ചാലക്കുടി പുഴയോരത്തു പുലിയെ പിടികൂടാൻ സ്ഥാപിച്ച കൂടുകൾ ജില്ലാ കളക്ടർ സന്ദർശിച്ചു.