വഴക്കുള്ള കുടുംബത്തിന്റെ സ്ഥിതി
Friday, April 4, 2025 2:26 AM IST
റവ. ഡോ. ജോസി കൊല്ലമ്മാലിൽ സിഎംഐ
“വഴക്കുള്ള തറവാട് വേഗത്തിൽ നശിച്ചുപോകും’’- ചാവറയച്ചൻ ചാവരുളിൽ പറയുന്നു. കുടുംബാംഗങ്ങൾ സ്നേഹത്തിലാവണം.
കുറവുകളും പോരായ്മകളും പരസ്പരം ക്ഷമിക്കണം. അവർക്ക് ഈ ലോകത്തിൽ സമാധാനവും പരലോകത്തിൽ നിത്യഭാഗ്യവും ലഭിക്കും. ക്രിസ്തുവിന്റെ പീഡാനുഭവങ്ങളെക്കുറിച്ചു ധ്യാനിക്കുന്ന നോന്പുകാലത്തു സ്വന്തം കുടുംബത്തിന്റെ അവസ്ഥ വിലയിരുത്തണം. പരസ്പരം സ്നേഹിക്കണമെന്ന ഈശോയുടെ ഉപദേശം കുടുംബത്തിലാണ് തുടങ്ങേണ്ടത്.
അന്യരായി മാറുന്പോൾ
ഒരു കുടുംബത്തിൽത്തന്നെ സഹോദരങ്ങൾ സ്നേഹമില്ലാതെ വഴക്കും ബഹളവുമായി കഴിയുന്നത് എത്രയോ ദുഃഖകരം. ഭിന്നിക്കപ്പെട്ട രാജ്യം നിലനിൽക്കില്ലെന്ന് ഈശോ പറയുന്പോൾ വഴക്കുള്ള കുടുംബം ഭിന്നിച്ചു നശിക്കുമെന്ന് ചാവറയച്ചനും പറയുന്നു.
തിരുക്കുടുംബ സദൃശമാകേണ്ട കുടുംബങ്ങളിൽ, സ്നേഹശൂന്യതയും ശണ്ഠയുമുണ്ടായാൽ ബന്ധങ്ങൾ ശിഥിലമാകാനും പരസ്പരം അന്യരാകാനും വേറെ പ്രത്യേകിച്ചു കാരണം വേണോ? നിസാരമായ അടുക്കള വഴക്കു മുതൽ വലിയ സാന്പത്തിക പ്രശ്നങ്ങൾ വരെ ഇതിനു പിന്നിൽ കാണാം. ‘വന്നവരും’ ‘നിന്നവരും’ തമ്മിലുള്ള പ്രശ്നങ്ങൾക്കാണ് ഒന്നാം സ്ഥാനം. വന്നവരെന്നാൽ വിവാഹം കഴിച്ചുവന്ന സ്ത്രീകൾ. നിന്നവരെന്നാൽ ആ വീട്ടിൽ ജനിച്ചുവളർന്നവർ.
വന്നവർക്കു ഭാര്യാപദം നൽകുന്ന അവകാശാധികാരങ്ങൾ, നിന്നവർക്കു സ്വന്തം വീടെന്ന തിണ്ണമിടുക്ക്. വന്ന ചിലരുടെ പൂങ്കണ്ണീരും തലയണമന്ത്രവും സ്വാഭാവികമായും അവരുടെ ഭർത്താക്കന്മാരെ യുദ്ധഭൂമിയിലേക്കു വലിച്ചടുപ്പിക്കുന്നു.
വിവാഹം കഴിയുന്നതുവരെ ഒരു പായയിൽക്കിടന്ന്, ഒരു പാത്രത്തിൽ ഭക്ഷണം കഴിച്ച് സഹോദരങ്ങളായി കഴിഞ്ഞവർ എത്ര വേഗമാണ് അന്യരും അപരിചിതരും ശത്രുക്കളുമായി മാറുന്നത്.
മൗനത്തിലാകുന്നവർ
പല കുടുംബങ്ങളിലെയും പരസ്പരമുള്ള ‘ഉപദേശങ്ങൾ’ എത്ര വേഗമാണ് ശത്രുത സൃഷ്ടിക്കുന്നതെന്നു നോക്കുക. “നിന്റെ അവളോട് അല്പം മര്യാദക്കിരിക്കാൻ പറ’’ എന്നു ജ്യേഷ്ഠൻ അനുജനെ ഉപദേശിക്കുന്നു. “മര്യാദ ഒരാൾ മാത്രം പാലിച്ചാൽ പോരല്ലോ’’ എന്ന് തിരിച്ച് അനുജനും. അതിനിടയിൽ കെട്ടിക്കേറിവന്ന പുതുപ്പെണ്ണിന്റെ ഉപദേശം ഇങ്ങനെ: “അമ്മായിയമ്മയും കെട്ടിയോനും ഭരിച്ചോട്ടെ, നാത്തൂൻ ഭരിക്കാൻ പോരേണ്ട’’. ഇങ്ങനെ പോകുന്നു കുടുംബത്തിലെ അസ്വസ്ഥതകൾ.
പക്ഷേ, ഇന്നത്തെ കുടുംബങ്ങളിൽ മറ്റൊരു വശം കൂടിയുണ്ട്. മിക്ക കുടുംബങ്ങളിലും സംസാരമില്ല. എല്ലാവരും മൊബൈൽ ഫോണുകളിൽ തോണ്ടുന്നു. മൊബൈൽ ഫോണുകൾ ലോകത്തെ ഏറെ അടുപ്പിച്ചെങ്കിലും കുടുംബാംഗങ്ങളെ തമ്മിൽ അകറ്റി. ആർക്കും പരസ്പരം സംസാരിക്കാനും വിശേഷങ്ങൾ പങ്കുവയ്ക്കാനും താത്പര്യമില്ല. ലൈക്കുകൾ കിട്ടാനും ലൈക്കുകൾ കൊടുക്കാനും വ്യഗ്രത കാട്ടുന്നവർക്കു സ്വന്തം കുടുംബങ്ങളെ ശ്രവിച്ചും സ്നേഹിച്ചും ലൈക്ക് കൊടുക്കാനും തിരികെ സ്നേഹം സ്വീകരിക്കാനും സാധിക്കുന്നില്ല.
മൗനത്തിലാകുന്ന കുടുംബങ്ങളുടെ എണ്ണം പെരുകുന്നു. എന്നാൽ, വഴക്കുകൾക്കു കുറവ് സംഭവിക്കുന്നുമില്ല. ഒരു കുടുംബത്തിന്റെ ബഹുമാനവും ഭാഗ്യവും കുടുംബത്തിലുള്ളവരോടും അയൽപക്കത്തുള്ളവരോടും യാതൊരു വഴക്കുകളുമില്ലാതെ സമാധാനമായിരിക്കുന്നതത്രേ. ചാവറയച്ചൻ പറയുന്നു: ശത്രുക്കളോടു പകരം വീട്ടാൻ മൃഗങ്ങൾക്കുകൂടി ശക്തിയുണ്ട്. എന്നാൽ, വഴക്കുകളെ സാരമാക്കാതെ പൊറുക്കുന്നത് മഹാശക്തിയും വിവേകവും മാന്യതയുമുള്ള ആളിനു മാത്രം കഴിയുന്നതാകുന്നു.