തസ്തിക നഷ്ടം സംഭവിച്ചവർക്ക് നിയമനം നൽകാൻ ഉത്തരവ്
Friday, April 4, 2025 2:26 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ താത്കാലിക അംഗീകാരത്തോടെ കുറഞ്ഞത് ഒരു അധ്യയന വർഷമെങ്കിലും ജോലി ചെയ്തവരിൽ തസ്തിക നഷ്ടം സംഭവിച്ചവർക്ക് അടുത്തു വരുന്ന സ്ഥിരം ഒഴിവിൽ മുൻകാല സർവീസ് അംഗീകരിച്ച് (51 എ ക്ലെയിം) നിയമനം നല്കാൻ ഉത്തരവ്.
നിലവിൽ എയ്ഡഡ് സ്കൂളുകളിൽ 2018 നവംബർ 18നു ശേഷം മാനേജർമാർ നിയമിച്ച മറ്റുള്ളവർക്കു സർക്കാർ താത്കാലിക അംഗീകാരം മാത്രമാണു നൽകുന്നത്. ഇവരിൽ പിന്നീട് തസ്തിക നഷ്ടം സംഭവിച്ചവർക്ക് അനുകൂലമായാണു പുതിയ ഉത്തരവ്.
ഭിന്നശേഷി നിയമനത്തിനായി തസ്തികകൾ മാറ്റിവച്ചിട്ടുള്ള മാനേജ്മെന്റുകൾക്കു മാത്രമേ ഇത്തരത്തിലുള്ള നിയമനം നൽകാനാകൂയെന്നും ഉത്തരവിൽ പറയുന്നു.