‘ദീപികയ്ക്കൊപ്പം സത്യത്തിനൊപ്പം’ പ്രചാരണ പദ്ധതിക്ക് ഉജ്വല തുടക്കം
Friday, April 4, 2025 2:26 AM IST
തിരുവനന്തപുരം: ‘ദീപികയ്ക്കൊപ്പം സത്യത്തിനൊപ്പം’ പ്രചാരണ പദ്ധതിക്കു തുടക്കമായി. ദീപികയെ സ്നേഹിക്കുന്ന അഭ്യുദയകാംക്ഷികളുടെ സഹകരണത്തോടെ കർഷകരുടെയും സാധാരണക്കാരുടെയും കുടുംബങ്ങളിൽ പ്രത്യേകിച്ച്, വിദ്യാർഥികളുള്ള കുടുംബങ്ങളിൽ ദീപിക എത്തിക്കുന്നതാണ് പദ്ധതി.
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കെസിബിസി പ്രസിഡന്റും സീറോമലങ്കര കത്തോലിക്കാസഭ മേജർ ആർച്ച്ബിഷപ്പുമായ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ നിർവഹിച്ചു.
കുട്ടികൾക്കും യുവതലമുറയ്ക്കും സത്യസന്ധമായ വാർത്തകളും മൂല്യബോധവും പകർന്നുനൽകുന്നതിൽ ദീപികയുടേത് മാതൃകാപരമായ പ്രവർത്തനമാണെന്ന് കർദിനാൾ പറഞ്ഞു.
ദീപികയുടെ പ്രവർത്തനങ്ങൾ കൂടുതൽ വിശാലമാക്കുന്നതിന് ‘ദീപികയ്ക്കൊപ്പം സത്യത്തിനൊപ്പം’ പദ്ധതി സഹായിക്കുമെന്നും മാർ ക്ലീമിസ് കാതോലിക്കാബാവ ചൂണ്ടിക്കാട്ടി.
രാഷ്ട്രദീപിക ലിമിറ്റഡ് ചെയർമാൻ ഡോ. ഫ്രാൻസിസ് ക്ലീറ്റസ്, മാനേജിംഗ് ഡയറക്ടർ മോൺ. മൈക്കിൾ വെട്ടിക്കാട്ട്, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയിൽ, ചങ്ങനാശേരി അതിരൂപത വികാരിജനറാൾ മോൺ. ഡോ. ജോൺ തെക്കേക്കര, ദീപിക സർക്കുലേഷൻ ജനറൽ മാനേജർ ഫാ. ജിനോ പുന്നമറ്റത്തിൽ, തിരുവനന്തപുരം റസിഡന്റ് മാനേജർ മോൺ. വർക്കി ആറ്റുപുറത്ത് തുടങ്ങിയവരും ചങ്ങനാശേരി, തിരുവനന്തപുരം, നെയ്യാറ്റിൻകര, പാറശാല, പുനലൂർ, കൊല്ലം രൂപതകളുടെയും വിവിധ സന്യാസ സമൂഹങ്ങളുടെയും പ്രതിനിധികളും പങ്കെടുത്തു.