ആറ് കേസുകളിൽ ഗവർണർ ഹിയറിംഗ് നടത്തി
Saturday, April 5, 2025 1:38 AM IST
തിരുവനന്തപുരം: നാല് സർവകലാശാലകളിലെ ആറ് കേസുകളിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ രാജ്ഭവനിൽ ഹിയറിംഗ് നടത്തി. എല്ലാ കേസുകളിലെയും ഉത്തരവ് പിന്നത്തേക്ക് മാറ്റിവച്ചു.
കാർഷിക സർവകലാശാലയുടെ മൂന്നും എംജി, കുസാറ്റ്, വെറ്ററിനറി സർവകലാശാലകളുടെ ഓരോ കേസുകളുമാണുണ്ടായിരുന്നത്. ഹൈക്കോടതി നിർ ദേശപ്രകാരമായിരുന്നു ഹിയറിംഗ്. അച്ചടക്ക നടപടികൾക്കെതിരായ അപ്പീലായിരുന്നു മിക്കതും.
വെള്ളായണി കാർഷിക കോളജിൽ സ്ഥാനക്കയറ്റത്തിനുള്ള പരീക്ഷയിൽ തിരിമറി നടത്തിയതിന് പിരിച്ചുവിട്ട ജീവനക്കാരന്റെ അപ്പീലും ഇക്കൂട്ടത്തിലുണ്ട്. ഹിയറിംഗ് നടത്തിയതായി ഹൈക്കോടതിയെ അറിയിക്കും.
രജിസ്ട്രാർമാർ, ഗവർണറുടെ നിയമോപദേശകൻ, പരാതിക്കാർ, അഭിഭാഷകർ, സർവകലാശാലകളുടെ സ്റ്റാൻഡിംഗ് കോണ്‍സൽമാർ തുടങ്ങിയവർ പങ്കെടുത്തു.