സപ്ലൈകോയ്ക്ക് സാധനം വാങ്ങാന്‍ പുതിയ ഇ-ലേല സംവിധാനം- ‘ബീം’
Saturday, April 5, 2025 1:38 AM IST
കോഴിക്കോട്: സിവില്‍ സപ്ലൈസ് കോര്പറേഷന് ബിഎസ്ഇ ഇ-അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റ്സ് ലിമിറ്റഡ് (ബീം) വഴിയും സാധനങ്ങള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി.
നിലവില്‍ എന്സിഡിഇ എക്സ് ഇ-മാര്‍ക്കറ്റ്സ് ലിമിറ്റഡ് വഴിയും ഇ ടെന്‍ഡര്‍ സംവിധാനത്തിലൂടെയും സാധനങ്ങള്‍ വാങ്ങുന്ന സപ്ലൈകോയ്ക്കു പുതിയ സംവിധാനംകൂടി ലഭ്യമാകുന്നതോടെ കൂടുതല്‍ മികച്ച ഓഫറുകള്‍ കണ്ടെത്താന്‍ സാധിക്കും.
വിവിധ കാര്‍ഷികോത്പന്നങ്ങള്‍ വാങ്ങുന്നതിനായി ബീം സംവിധാനംകൂടി ഉപയോഗപ്പെടുത്താനായി സപ്ലൈകോ മാനേജിംഗ് ഡയറക്ടര്‍ സമര്‍പ്പിച്ച ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.
പുതിയ സംവിധാനം വരുന്നതോടെ കര്‍ഷകരില്‍നിന്നു മികച്ച വിലയില്‍ സാധനങ്ങള്‍ വാങ്ങാനും പൊതുജനങ്ങള്‍ക്കു മിതമായ നിരക്കില്‍ അവ ലഭ്യമാക്കാനും കഴിയുമെന്നാണ് സപ്ലൈകോയുടെ പ്രതീക്ഷ.
സര്‍ക്കാര്‍ അനുമതി പ്രകാരം നിലവിലെ ഇ-ടെന്‍ഡറിനൊപ്പം ഇ- ലേലവുംകൂടി നടത്താം. ബീം വഴി വിപണി നിരക്കിനേക്കാള്‍ ലാഭകരമായ നിരക്കില്‍ സാധനങ്ങള്‍ ലഭ്യമാകുന്നുണ്ടെന്ന് സപ്ലൈകോ ഉറപ്പാക്കണമെന്നും കൃത്യമായ ഇടവേളകളില്‍ പ്രവര്‍ത്തനം വിലയിരുത്തമെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്
എന്താണ് ബീം ?
ഇന്ത്യയിലെ പ്രമുഖ സ്റ്റോക്ക് എക്സ്ചേഞ്ചായ ബിഎസ്ഇ ആരംഭിച്ച കാര്‍ഷികോത്പന്നങ്ങള്‍ക്കുള്ള ഇലക്ട്രോണിക് സ്പോട്ട് പ്ലാറ്റ്ഫോമാണ് ബീം. ‘ഒറ്റ വിപണി’ സൃഷ്ടിക്കാനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായി ദേശീയ തലത്തിലുള്ള സുതാര്യമായ ഒരു കമ്മോഡിറ്റി സ്പോട്ട് ട്രേഡിംഗ് പ്ലാറ്റ്ഫോമായാണ് ബീം പ്രവര്‍ത്തിക്കുന്നത്.
ഉത്പാദകര്‍, ഇടനിലക്കാര്‍, അനുബന്ധ സേവനങ്ങള്‍, ഉപഭോക്താക്കള്‍ എന്നിവരടങ്ങുന്ന മൂല്യ ശൃംഖലയിലുടനീളമുള്ള സ്പോട്ട് കാര്‍ഷിക ഉത്പന്ന ഇടപാടുകള്‍ ഈ പ്ലാറ്റ്ഫോം സുഗമമാക്കും.
മികച്ച ഉപഭോക്തൃ സേവനങ്ങളോടുകൂടിയ കാര്‍ഷിക ഉത്പന്നങ്ങള്‍ക്കുള്ള പ്രമുഖവും ആഗോളതലത്തില്‍ മത്സരക്ഷമവുമായ ഇന്ത്യന്‍ ഇ-മാര്ക്കറ്റ്പ്ലേസായി ഉയര്‍ന്നുവരിക എന്നതാണു ബീമിന്റെ ലക്ഷ്യം.
ബീമിന്റെ സഹായത്തോടെ ഒരു സംസ്ഥാനത്തെ കര്‍ഷകര്‍ക്കു മറ്റ് സംസ്ഥാനങ്ങളിലെ വിപണികളില്‍ എത്തിച്ചേരാനും അവരുടെ ഉത്പന്നങ്ങള്‍ ലേലം ചെയ്യാനും കഴിയും. ഇത് സപ്ലൈക്കോയ്ക്ക് ഉപകാരപ്പെടുത്താം. ഇടനിലക്കാര്‍, സംസ്കരണക്കാര്‍, കയറ്റുമതിക്കാര്‍ എന്നിങ്ങനെയുള്ളവരുടെ ചെലവ് കുറയ്ക്കുന്നതിനും ബീം സഹായിക്കും.