ചെലവ് ചുരുക്കൽ കടുപ്പിച്ച് സർക്കാർ
Sunday, March 23, 2025 2:42 AM IST
കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: സാന്പത്തിക പ്രതിസന്ധി അതീവ ഗുരുതരമായതിനു പിന്നാലെ സംസ്ഥാനത്ത് ചെലവുചുരുക്കലിന് നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ.
സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ അടക്കമുള്ള ഇ-ഓഫീസ് സംവിധാനം ഏർപ്പെടുത്തിയ ഇടങ്ങളിൽ ഓഫീസ് അറ്റൻഡന്റ്, ടൈപ്പിസ്റ്റ് തുടങ്ങിയ തസ്തികകളിൽ പിഎസ്സി നിയമനം നടത്തേണ്ടതില്ലെന്നും അത്യാവശ്യ ഘട്ടങ്ങളിൽ കരാർ നിയമനം മാത്രം മതിയെന്നും ധനകാര്യ രഹസ്യ വിഭാഗത്തിന്റെ സർക്കുലറിൽ പറയുന്നു.
സർക്കാർ ഔദ്യോഗിക വാഹനങ്ങളുടെ ഉപയോഗത്തിലും കർശന നിയന്ത്രണം ഏർപ്പെടുത്തി. നിയന്ത്രണം ലംഘിച്ചാൽ വാഹനങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥനെതിരേ അച്ചടക്ക നടപടിയെടുക്കും. ഡ്രൈവർമാരെ പുനർവിന്യസിക്കണം.
വാഹനം ഇല്ലാത്തതിനാൽ ജോലിയില്ലാതെ തുടരുന്ന ഡ്രൈവർമാരെ അതതു വകുപ്പുകൾക്കു കീഴിലെ ഓഫീസുകളിൽ കരാർ വ്യവസ്ഥയിൽ ജോലിചെയ്യുന്ന ഡ്രൈവർമാർക്കു പകരം നിയമി ക്കണം.
വകുപ്പുതല സെമിനാറുകളുടെയും പരിശീലനങ്ങളുടെയും മറ്റും ചെലവുകൾ ബജറ്റ് വിഹിതത്തിന്റെ 50 ശതമാനത്തിൽ കൂടാൻ പാടില്ല. ഓഫീസ് അറ്റൻഡന്റ്, ടൈപ്പിസ്റ്റ് തസ്തികകളിലെ ജീവനക്കാരുടെ സേവന ആവശ്യകത കുറഞ്ഞ സാഹചര്യത്തിൽ അനിവാര്യമാകുന്ന ഘട്ടത്തിൽ മാത്രമേ ഒഴിവുകൾ നികത്താൻ പാടുള്ളൂ. ഇത് കരാർ അടിസ്ഥാനത്തിൽ മാത്രമായിരിക്കണം.
ഒരു കാരണവശാലും വകുപ്പു ചെലവുകൾ ബജറ്റ് വിഹിതത്തിൽ അധികരിക്കാൻ പാടില്ല. സ്വന്തമായി റവന്യു വരുമാനമുള്ള ഗ്രാന്റ്-ഇൻ-എയ്ഡ് സ്ഥാപനങ്ങൾ റിസോഴ്സ് ഗ്യാപ് നികത്താൻ സർക്കാർ ഗ്രാന്റുകൾ മാത്രം ആശ്രയിക്കാതെ സ്വന്തം നിലയ്ക്ക് വായ്പ അടക്കമുള്ള മാർഗങ്ങൾ കണ്ടെത്തണം.
ആവശ്യമില്ലാത്ത സർക്കാർ പദ്ധതികൾ കണ്ടെത്തി അവസാനിപ്പിക്കാനുള്ള നടപടി വകുപ്പു തലത്തിൽ സ്വീകരിക്കണം. ഒരു മാസത്തിനുള്ളിൽ ഇത്തരം നടപടികൾ പൂർത്തിയാക്കണം.
കെഎസ്ഇബി അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ പേയ്മെന്റുകൾ ഓണ്ലൈൻ വഴി അടയ്ക്കാനുള്ള സാഹചര്യം നിലനിൽക്കുന്ന സാഹചര്യത്തിൽ പരന്പരാഗത കൗണ്ടർ സംവിധാനം തുടരേണ്ടതില്ല. സാന്പത്തിക ബാധ്യതയുണ്ടാക്കുന്ന ഇത്തരം സംവിധാനം അവസാനിപ്പിച്ച് ജീവനക്കാരെ മാതൃവകുപ്പുകളിലേക്കു തിരികെ പ്രവേശിപ്പിക്കണം.
സാന്പത്തിക നിയന്ത്രണ നിർദേശം കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് എല്ലാ വകുപ്പു സെക്രട്ടറിമാരും വകുപ്പു മേധാവികളും ഉറപ്പുവരുത്തണമെന്നും ധന അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന്റെ സർക്കുലറിൽ നിർദേശിക്കുന്നു.