ആരോഗ്യമന്ത്രിയുടെ കള്ളം ഗോവിന്ദന് പൊളിച്ചെന്ന് കെ. മുരളീധരന്
Sunday, March 23, 2025 1:28 AM IST
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ കള്ളം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് തന്നെ പൊളിച്ചെന്നു കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്. കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡയെ കാണാനാണ് താന്‍ ഡല്‍ഹിയില്‍ പോയതെന്നു മന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ക്യൂബന്‍ സംഘത്തെ കാണാനാണ് വീണാ ജോര്‍ജ് ഡല്‍ഹിയില്‍ പോയതെന്നാണ് കഴിഞ്ഞ ദിവസം എം.വി. ഗോവിന്ദന് മാധ്യമങ്ങളോടു പറഞ്ഞത്. മുന്‍കൂട്ടി അനുമതി വാങ്ങിയാല്‍ മാത്രമേ കേന്ദ്രമന്ത്രിയെ കാണാന്‍ സാധിക്കൂ.
കേരളത്തില്‍ നിയമസഭ നടക്കുന്നതിനിടയില്‍ മന്ത്രി വീണാ ജോര്‍ജ് പോയത് ക്യൂബന്‍ സംഘത്തെ കാണാനാണ്. ഗോവിന്ദന് കഴിഞ്ഞ ദിവസം പറഞ്ഞതോടെ ഇക്കാര്യം വ്യക്തമായി.
മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര ധനമന്ത്രി നിര്മലസീതാരാമനുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ എന്തുകൊണ്ട് കുടിശിക കിട്ടാനുണ്ടെന്ന കാര്യം കേന്ദ്രത്തെ അറിയിച്ചില്ല? സമരം ചെയ്ത് ആരും വിജയിക്കാന്‍ പാടില്ലെന്ന ദുഷ്ട ബുദ്ധിയാണ് ഇതിന്റെ പിന്നിലുള്ളത്. ഇതിനുവേണ്ടിയാണ് സിപിഎം നേതാക്കള്‍ മത്സരിച്ച് സമരക്കാരെ അധിക്ഷേപിക്കുന്ന പ്രസ്താവനകള്‍ നടത്തുന്നത്. കേരളത്തിലെ ബുദ്ധി ജീവികളും സാംസ്കാരിക നായകന്മാരും ഇപ്പോള്‍ എവിടെപ്പോയെന്നും മുരളീധരന് ചോദിച്ചു.