ആശാ വർക്കർമാരുടെ സമരം മഴവിൽ സഖ്യത്തിന്റേത്: എം.വി. ഗോവിന്ദൻ
Saturday, March 22, 2025 1:38 AM IST
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ നടക്കുന്ന ആശാവർക്കർമാരുടെ സമരം മഴവിൽ സഖ്യത്തിന്റേതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സമരം ആർക്കും നടത്താം. ജനാധിപത്യ സമൂഹത്തിൽ സമരവും ജനാധിപത്യമാണ്. എന്നാൽ ഈ സമരം എന്താണെന്നു സിപിഎമ്മിനു ധാരണയുണ്ട്.
ഇടതുസർക്കാരിനെയും സിപിഎമ്മിനെയും ഇല്ലാതാക്കാനാണു മാധ്യമങ്ങളും ഒരു വിഭാഗവും ശ്രമം നടത്തുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
ആശാ വർക്കർമാരെ ഉപയോഗിച്ചുകൊണ്ട് ജമാ അത്തെ ഇസ്ലാമി, എസ്ഡിപിഐ, എസ്യുസിഐ, കോണ്ഗ്രസ്, ബിജെപി എന്നിവരൊക്കെ ചേരുന്ന ഒരു മഴവിൽ സഖ്യമാണ് ഈ സമരത്തെ മുന്നോട്ടുനയിക്കുന്നത്.
ആശാ വർക്കർമാരുടെ സമരത്തെ രാജ്യവ്യാപകമായി നടക്കുന്ന സമരത്തിന്റെ ഭാഗമായി കാണണം. അവർ ദേശവ്യാപകമായി സമരം നടത്തുന്നുണ്ട്. അത് ഇനിയും നടക്കും. അവരെ തൊഴിലാളികളാക്കണമെന്നും 26,000 രൂപ നൽകണമെന്നുമൊക്കെ സിഐടിയു ആവശ്യപ്പെടുന്നുണ്ട്.പക്ഷേ അതൊക്കെ ചെയ്യേണ്ടത് കേന്ദ്രസർക്കാരാണ്. പന്ത് അവരുടെ കോർട്ടിലാണ്.
അവർ തീരുമാനം എടുത്തുകഴിഞ്ഞാൽ കേരളത്തിന് എന്തുചെയ്യാൻ കഴിയുമെന്നു നോക്കി ചെയ്യും. 20,000 തൊഴിലാളികൾ ഉണ്ട്, അതിൽ ഒരു ശതമാനം പോലും ഈ സമരത്തിലില്ല. അതിനെക്കുറിച്ച് ആർക്കും ഒന്നും പറയാനില്ല. അതു പറയാതെ ഇതിനെ മുന്നോട്ടുനയിക്കാൻ ഒരു വിഭാഗമുണ്ട്. അതു സർക്കാർ വിരുദ്ധ നിലപാടു സ്വീകരിക്കുന്നവരാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.