രാധാകൃഷ്ണന്റെ ഭാര്യയെ ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്
Sunday, March 23, 2025 1:28 AM IST
പരിയാരം: കൈതപ്രത്ത് ഗുഡ്സ് ഓട്ടോ ഡ്രൈവർ കെ.കെ. രാധാകൃഷ്ണന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭാര്യ മിനിയെ ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്.
മിനിയുമായി പ്രതി സന്തോഷിനുണ്ടായ സൗഹൃദബന്ധം രാധാകൃഷ്ണൻ എതിർത്തതാണ് കൊലപാതകത്തിന് പിന്നിലെന്ന് അന്വേഷണ സംഘം കണ്ടെത്തിയ സാഹചര്യത്തിലാണ് ചോദ്യം ചെയ്യുന്നത്.
കൊലപ്പെടുത്താൻ ഉപയോഗിച്ച തോക്ക് കണ്ടെത്തിയത് മിനിയും അമ്മയും വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ പിറകിലുള്ള പമ്പ് ഹൗസിനടുത്തുനിന്നാണ്.
സന്തോഷ് ഉപയോഗിച്ച തോക്കിന്റെ ഉറവിടവും കൊലപാതത്തിന് മുന്പോ ശേഷമോ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതി സന്തോഷിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരം വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു. പ്രതിയെ വിട്ടുകിട്ടാനുള്ള കസ്റ്റഡി അപേക്ഷ രണ്ട് ദിവസത്തിനകം നൽകുമെന്നും പോലീസ് വ്യക്തമാക്കി.