ആശാ സമരം പൊളിക്കാൻ ഗോവിന്ദൻ കരിങ്കാലിയാകുന്നെന്ന് ഹസൻ
Sunday, March 23, 2025 1:28 AM IST
തിരുവനന്തപുരം: വർഗസമരങ്ങളെ പുകഴ്ത്തുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ആശാ സമരം പൊളിക്കാൻ കരിങ്കാലിയെപ്പോലെയാണ് സംസാരിക്കുന്നതെന്ന് യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ. റോമാ നഗരം വെന്തെരിഞ്ഞപ്പോൾ വീണ വായിച്ച ചക്രവർത്തിയെപ്പോലെയാണ് മന്ത്രി വീണാ ജോർജ് പെരുമാറുന്നത്.
ക്യൂബൻ സംഘത്തെ കാണാൻ പോയ മന്ത്രിമാരും സംഘവും ആശാമാരുടെ ഇൻസന്റീവ് ഉയർത്താൻ കേന്ദ്രമന്ത്രിയെ സന്ദർശിക്കാനെന്ന പേരിൽ നടത്തിയ നാടകം ഇതിനകം പുറത്തുവന്നിരുന്നു. ആശാമാരുടെ ഓണറേറിയം ഉയർത്താതെ ഇൻസന്റീവ് വർധിപ്പിക്കാൻ സമ്മർദം ചെലുത്തിയിട്ടു കാര്യമില്ല.
ഓണറേറിയം വർധിപ്പിച്ച ശേഷം ഇൻസെന്റീവ് ഉയർത്താനാണ് ശ്രമിക്കുന്നതെങ്കിൽ സംസ്ഥാന സർക്കാരിനൊപ്പം യുഡിഎഫും യോജിച്ച സമരത്തിനു തയാറാണെന്നും ഹസൻ പറഞ്ഞു.