“ദളിതനായതുകൊണ്ട് അവഗണിക്കപ്പെട്ടു”; വികാരാധീനനായി കൊടിക്കുന്നില്‍
Monday, March 24, 2025 2:56 AM IST
തിരുവനന്തപുരം: ദളിതനായതു കൊണ്ട് താന്‍ അവഗണിക്കപ്പെട്ടെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. താന്‍ നില്‍ക്കുന്നത് വല്ലാത്ത മാനസികാവസ്ഥയിലാണ്. അതിന്റെ കാരണം തുറന്നു പറഞ്ഞാല്‍ ചിലപ്പോള്‍ അത് വിവാദമായേക്കാമെന്നും ശത്രുക്കളുടെ എണ്ണം കൂടിയേക്കാമെന്നും കൊടിക്കുന്നില്‍ പറഞ്ഞു.മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഗാന്ധിഗ്രാമം പരിപാടി 15 വര്‍ഷം പൂര്‍ത്തിയായതിന്റെ ഭാഗമായി സംഘടിപ്പിച്ച ദളിത് പ്രോഗ്രസ് കോണ്‍ക്ലേവില്‍ പങ്കെടുത്തു പ്രസംഗിക്കുന്നതിനിടയിലാണ് കൊടിക്കുന്നില്‍ വികാരാധീനനായത്.
കൂടുതല്‍ തവണ മത്സരിച്ചതിന് തന്നെ വേട്ടയാടി. തന്നെക്കാള്‍ കൂടുതല്‍ തവണ എംപിയായവരുണ്ട്. അവരെ ആരും ഒന്നും പറയാറില്ല. തന്ന മാത്രമാണ് വേട്ടയാടിയത്. സംവരണ മണ്ഡലത്തില്‍ തുടര്‍ച്ചയായി വിജയിക്കുക എളുപ്പമായിരുന്നില്ല. പല തരത്തിലുള്ള ആക്രമണങ്ങളെ നേരിട്ടു. തനിക്ക് പകരം മറ്റാരെങ്കിലുമായിരുന്നെങ്കില് പിടിച്ചു നില്‍ക്കില്ലായിരുന്നെന്നും കൊടിക്കുന്നില്‍ പറഞ്ഞു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് താന്‍ പാര്‍ട്ടിയെ അറിയിച്ചു. എന്നാല്‍ നിര്‍ബന്ധമായും മത്സരിക്കണമെന്ന് പാര്‍ട്ടി പറഞ്ഞതു കൊണ്ടാണ് താന്‍ മത്സരിച്ചതെന്നും അദ്ദേഹം പറഞ്ഞു.മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെയും സാന്നിധ്യത്തിലായിരുന്നു കൊടിക്കുന്നിലിന്റെ തുറന്നു പറച്ചില്.
കൊടിക്കുന്നില്‍ തന്റെ പ്രിയ സഹോദരനെന്ന് വി.ഡി സതീശന്
തിരുവനന്തപുരം: കൊടിക്കുന്നില്‍ സുരേഷ് എംപി തന്റെ പ്രിയ സഹോദരനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ഒരു സഹോദരനെ പോലെയാണ് താന്‍ അദ്ദേഹത്തെ ചേര്‍ത്തുനിര്‍ത്തുന്നത്. അത് അദ്ദേഹത്തിനും അറിയുന്ന കാര്യമാണെന്നും സതീശന് മാധ്യമങ്ങളോട് പ്രതികരിച്ചു.
ദളിത് പ്രോഗ്രസ് കോണ്‍ക്ലേവ് വേദിയില്‍ അദ്ദേഹം അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളെ ക്കുറിച്ചാണ് പറഞ്ഞത്. ഒരുപാട് കഷ്ടപ്പെട്ടും പ്രതിസന്ധികളെ മറികടന്നുമാണ് അദ്ദേഹം ഈ സ്ഥാനത്തെത്തിയത്. അദ്ദേഹം മത്സരിക്കുന്നില്ലെന്നു പറഞ്ഞിട്ടും ഞങ്ങള്‍ അദ്ദേഹത്തെ ചേര്‍ത്തുനിര്‍ത്തി. നിര്‍ബന്ധമായും മത്സരിക്കണമെന്ന് അദ്ദേഹത്തോട് താന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പിനു മുന്‍പായി അദ്ദേഹത്തിനെതിരേ വലിയ തോതില്‍ മീഡിയ, സോഷ്യല്‍ മീഡിയ കാമ്പയിനുകളുണ്ടായിരുന്നു. അദ്ദേഹം മത്സരിച്ചാല്‍ തോറ്റുപോകുമെന്നായിരുന്നു അതിന്റെ ഉള്ളടക്കം.
ആ സമയത്ത് ഒരു കാരണവശാലും മാറിനില്ക്കാന് പാടില്ല എന്നു പറഞ്ഞത് ഞങ്ങളാണ്. എത്ര തവണ മത്സരിച്ചാല്‍ എന്താ. ജനപിന്തുണയുള്ളതുകൊണ്ടല്ലേ അദ്ദേഹം ജയിക്കുന്നത്. കോണ്‍ഗ്രസില്‍ ഇത്രയും കഠിനാധ്വാനിയായ ഒരാളില്ല. താന്‍ പോലും അദ്ദേഹത്തിന്റെ അത്ര ജോലി ചെയ്യില്ല. അത്ഭുതം തോന്നുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന ആളാണ് അദ്ദേഹം. അദ്ദേഹത്തിനൊപ്പം ഞങ്ങളും പാര്‍ട്ടിയുമുണ്ട് എല്ലാക്കാലത്തും.