രാസലഹരി: നിയമനിർമാണം വേണമെന്ന് മദ്യവിരുദ്ധ ഏകോപന സമിതി
Sunday, March 23, 2025 1:28 AM IST
കൊച്ചി: ശക്തമായ നിയമംകൊണ്ട് ലഹരിയെ നിയന്ത്രിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയാറാകണമെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി ആവശ്യപ്പെട്ടു.
രാസലഹരി ക്രയവിക്രയം നടത്തുന്നവരെ ഭീകരരായി പ്രഖ്യാപിക്കുന്ന നിയമം വേണമെന്നും സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ, ജില്ലാ പ്രസിഡന്റ് ഷൈബി പാപ്പച്ചൻ എന്നിവർ പറഞ്ഞു.
നാടിന്റെ സംസ്കാരത്തെയും പൈതൃകത്തെയും തകർക്കുന്ന ലഹരിയെ നിയന്ത്രിക്കാതെ വിദ്യാഭ്യാസ, ആരോഗ്യ മേഖലകളെ പുരോഗതിയിലേക്കു നയിക്കാൻ കഴിയില്ലെന്ന യാഥാർഥ്യം സർക്കാർ ഇനിയെങ്കിലും തിരിച്ചറിയണം.
പ്രഖ്യാപനങ്ങളിൽ ഒതുങ്ങാതെ സർക്കാർ ഇക്കാര്യത്തിൽ കാര്യക്ഷമമായി ഇടപെടൽ നടത്തണം. മയക്കുമരുന്ന് ഉപയോഗത്തിനെതിരേയുള്ള പാഠഭാഗങ്ങൾ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും സമിതി ആവശ്യപ്പെട്ടു.