ചർച്ച പരാജയപ്പെടാൻ കാരണം ആശാ സമരക്കാരുടെ നിർബന്ധബുദ്ധിയും ശാഠ്യവുമെന്നു മുഖ്യമന്ത്രി
Saturday, March 22, 2025 1:38 AM IST
തിരുവനന്തപുരം: ആശാ സമരക്കാരുടെ നിർബന്ധബുദ്ധിയും ശാഠ്യവുമാണ് ആരോഗ്യമന്ത്രിയുമായുള്ള ചർച്ച പരാജയപ്പെടാൻ കാരണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ പിടിവാശിയല്ല, സമരക്കാരുടെ പിടിവാശിയാണ് ചർച്ച വിജയിക്കാത്തതിനു കാരണമെന്നും മുഖ്യമന്ത്രിക്കുവേണ്ടി നിയമസഭയിൽ മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
കഴിഞ്ഞ 40 ദിവസത്തോളമായി സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുന്ന ആശാ പ്രവർത്തകരെ പുച്ഛിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ ബഹളമുണ്ടാക്കുകയും ഇറങ്ങിപ്പോകുകയും ചെയ്തു.
സമരം തുടങ്ങിയപ്പോൾത്തന്നെ ആശമാരെ പരിഹസിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന സർക്കാരിന്റെ സമീപനം ഇപ്പോഴും തുടരുന്നുവെന്നതിന്റെ തെളിവാണ് മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി എം.ബി. രാജേഷ് നടത്തിയ മറുപടിയിൽനിന്നു വ്യക്തമാകുന്നതെന്നു പ്രതിപക്ഷ നേതാവ് വാക്കൗട്ട് പ്രസംഗത്തിൽ പറഞ്ഞു.
ഭരണകക്ഷിയിലെ 99 പേർ ഒരുമിച്ചു തന്റെ പ്രസംഗം തടസപ്പെടുത്താൻ ശ്രമിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് ആരോപിച്ചു. 11 വർഷം മുൻപ് ആശമാരുടെ സംസ്ഥാന ഇൻസെന്റീവ് 10,000 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട സിഐടിയു നേതാവ് എളമരം കരീം ഇപ്പോൾ സമരത്തിനെതിരേ തിരിയുന്നത് എന്തുകൊണ്ടാണെന്നു വ്യക്തമാണെന്നും സബ്മിഷനിൽ അദ്ദേഹം പറഞ്ഞു.
ആശമാരെ ആരോഗ്യപ്രവർത്തകരാക്കണമെന്ന ട്രേഡ് യൂണിയനുകളുടെ ആവശ്യമാണ് സംസ്ഥാന സർക്കാരിനുള്ളതെന്നു മന്ത്രി പറഞ്ഞു. വോളന്റിയേഴ്സ് ആയിട്ടല്ല, ആരോഗ്യ പ്രവർത്തകർ ആക്കിയാൽ മാത്രമേ ഇവർക്ക് പിഎഫും ഇഎസ്ഐയും ഗ്രാറ്റുവിറ്റിയും അടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കുകയുള്ളൂവെന്ന അഭിപ്രായമാണ് ഐഎൻടിയുസി അടക്കമുള്ള ട്രേഡ് യൂണിയനുകൾക്ക് ഉള്ളത്. അതിനാലാണ് മൊത്തം ആശമാരിൽ 1.3 ശതമാനം പേർ മാത്രം സമരത്തിൽ പങ്കെടുക്കുന്നത്. ഇരുപതിനായിരത്തോളം പേരിൽ 354 പേർ മാത്രമാണ് സമരരംഗത്തുള്ളതെന്നും മന്ത്രി രാജേഷ് പരിഹസിച്ചു.