കേന്ദ്രമന്ത്രിയെ കാണാന്‍ അനുമതി തേടിയതു തെറ്റാണോയെന്ന് ആരോഗ്യമന്ത്രി
Saturday, March 22, 2025 1:38 AM IST
കൊച്ചി: കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാന്‍ അനുമതി തേടിയതു തെറ്റാണോയെന്ന് മന്ത്രി വീണാ ജോര്‍ജ്. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയെ കാണാനാകാതെ ഡല്‍ഹിയില്‍നിന്നു മടങ്ങിയെത്തിയശേഷം കൊച്ചിയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവർ.
മാധ്യമങ്ങളോട് മന്ത്രി രോഷത്തോടെയാണു പ്രതികരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രിയെ വ്യാഴാഴ്ച തന്നെ കാണുമെന്ന് ആരോടും പറഞ്ഞിട്ടില്ല. തന്നെ ക്രൂശിക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുകയാണെന്നും ഊഹാപോഹങ്ങള്‍ക്ക് മറുപടിയില്ലെന്നും അവര്‍ പറഞ്ഞു.
കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാന്‍ 18നാണോ അനുമതി തേടിയതെന്ന ചോദ്യത്തിന്, അതു മാധ്യമങ്ങളോട് പറയേണ്ടതില്ലെന്നും സമൂഹമാധ്യമത്തിലൂടെ ജനങ്ങളെ അറിയിച്ചുകൊള്ളാമെന്നും മന്ത്രി പറഞ്ഞു.
ആശമാരുടെ കാര്യത്തില്‍ നേരത്തെയും കേന്ദ്രമന്ത്രിയെ കണ്ടിരുന്നുവെന്ന് അവർ വ്യക്തമാക്കി. കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയും ക്യൂബൻ പ്രതിനിധിസംഘവുമായുള്ള ചര്‍ച്ചയുമായിരുന്നു യാത്രയുടെ രണ്ടു ലക്ഷ്യങ്ങള്‍. അതു താന്‍തന്നെ വിശദീകരിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി 2023 ജൂണില്‍ നടത്തിയ ക്യൂബന്‍ സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയായി ആരോഗ്യമേഖലയില്‍ കാന്‍സര്‍ വാക്സിന് ഉള്‍പ്പെടെ വികസിപ്പിക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ക്യൂബയുമായുള്ള സഹകരണമെന്നും മന്ത്രി വീണ പറഞ്ഞു.
ഓണറേറിയം വര്‍ധിപ്പിക്കുമെന്ന പ്രകടനപത്രിക വാഗ്ദാനത്തെക്കുറിച്ചുള്ള ചോദ്യത്തിന് പ്രകടനപത്രികയുടെ അനുബന്ധം വായിക്കണമെന്നായിരുന്നു വീണാ ജോര്‍ജിന്റെ മറുപടി.
സിപിഎം വെബ്സൈറ്റിലെ പ്രകടനപത്രിക ഉയര്‍ത്തിയുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനും വ്യക്തമായ മറുപടി മന്ത്രി നല്‍കിയില്ല. ഡല്‍ഹിയിലെത്തിയ മന്ത്രി ക്യൂബന്‍ സംഘവുമായി കൂടിക്കാഴ്ച നടത്തിയശേഷമായിരുന്നു മടങ്ങിയത്.