സ്നേഹം പൂവിടാൻ
Saturday, March 22, 2025 1:38 AM IST
ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ്
മനുഷ്യജീവിതം പ്രശ്നങ്ങളുടെയും പ്രതിസന്ധികളുടെയും കുത്തൊഴുക്കിലാണ്. തിന്മയും അന്ധകാരവും അന്നും ഇന്നും വേഷവും രൂപവുംമാറി തിമിർക്കുന്നു. അതുകൊണ്ടാണ് ഹൃദയത്തിൽനിന്നു നമ്മൾ ഇങ്ങനെ പ്രാർഥിക്കുന്നത് "തമസോമാ ജ്യോതിർഗമയാ.'
നൂറ്റാണ്ടുകൾക്ക് മുൻപ് ഇങ്ങനെയൊരു സാഹചര്യത്തിലാണ് ദൈവം മനുഷ്യനായി അവതരിച്ചത്. "ഇരുളിലും മരണനിഴലിലും കഴിഞ്ഞവർ വലിയൊരു പ്രകാശം കണ്ടു' (ലൂക്കാ 1). ആ വെളിച്ചത്തെ മനുഷ്യൻ കെടുത്തിയപ്പോൾ ഭൂമിയിലെങ്ങും അന്ധകാരം പരക്കുകയും ചെയ്തു.
നമ്മൾ ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്കും ഇരുട്ടിനുമൊക്കെ പരിഹാരം ഒന്നേയുള്ളൂ; ഈശോ. യഥാർഥ നോന്പാചരണം ഉപവാസത്തിലും പ്രാർഥനയിലും ദാനധർമത്തിലും ഒതുങ്ങുന്നതല്ല; മറിച്ച്, വ്യക്തവും ശക്തവുമായ നിലപാടുകളും അവയ്ക്കുവേണ്ടിയുള്ള ആത്മാർപ്പണവും ഉണ്ടാകുന്പോഴേ നോന്പനുഷ്ഠാനം യാഥാർഥ്യമാകൂ.
വിജയം നന്മയ്ക്ക്
മനുഷ്യാവതാരവും ജീവിതവുംകൊണ്ട് മാനവകുലത്തെ ബാധിച്ച തിന്മയും ആസുരതകളും അതിജീവിച്ച ക്രിസ്തു ഉയിർത്തെഴുന്നേറ്റു നിൽക്കുന്നു. നന്മതിന്മകളുടെ ഈ ലോകത്ത് ശാശ്വതവിജയം നന്മയുടേതുതന്നെയെന്നു ചരിത്രമെഴുതിയ നിമിഷമാണത്. താൻ ഏറ്റെടുത്ത കഠിനയാതനകളും ദാരുണമരണവുമൊക്കെ ഉത്ഥാനത്തിന്റെ പ്രശോഭയിൽ കടപുഴകി വീണു.
കൈകഴുകുന്ന പീലാത്തോസുമാരും ഉരുണ്ടുകളിക്കുന്ന സൻഹദ്രീൻ സംഘവും ക്രൂരമുറകൾ ആഘോഷിക്കുന്ന പടയാളികളും ഒറ്റുകൊടുക്കുന്ന യൂദാസുമാരും തള്ളിപ്പറയുന്ന പത്രോസും കൂട്ടംവിട്ടോടുന്ന ശിഷ്യസമൂഹവും തിന്മയിൽ ഒരുപോലെ ഒരുമിക്കുന്ന മതത്തിന്റെയും രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും പ്രതിനിധികളായിരുന്നു. അവർക്കു മുൻപിൽനിന്ന് ക്രിസ്തുവിന്റെ ഒറ്റയാൾ പോരാട്ടമായിരുന്നു.
കടന്നുവന്നതിനെക്കുറിച്ചും കടന്നുപോകുന്നതിനെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുകളും ഒരു ജനതയുടെ മുഴുവൻ വേദനയേറ്റെടുത്ത മഹാകാരുണ്യവും ചെയ്യാത്ത കുറ്റത്തിന്റെ ചുമടുപേറിയിട്ടും തന്റെ അർപ്പണത്തിൽനിന്ന് അണുവിട വ്യതിചലിക്കാത്ത ത്യാഗസൗരഭ്യവും നിരുപാധികം ക്ഷമ നൽകിയതിന്റെ മഹാകാരുണ്യവും അപരനോവുകളിൽ അപ്പമാകാൻപോന്ന മാനവികതയും അവനെ അജയ്യനാക്കി.
മറുമരുന്ന്
ചതിയും കൊലയും ഉടുതുണിപോലും ചിട്ടിയിട്ടെടുക്കുന്ന കാലവുമൊക്കെ അന്നും ഉണ്ടായിരുന്നു. അവിടെയെല്ലാം ക്രിസ്തുവിനുണ്ടായിരുന്ന മനോഭാവവും ജീവിതശൈലിയുമാണ് ഇന്നത്തെ ദുരമൂത്ത ലോകത്തിനുള്ള മറുമരുന്ന്.
ചൂഷണവും ദൈവനിരാസവും കൊലപാതകവും ബ്ലാക്ക്മാസും മനുഷ്യത്വരഹിതമായ പീഡനങ്ങളും അതിക്രമങ്ങളും അനീതിയും അസമത്വവും ഞാൻ ഞാൻ മാത്രമെന്ന ചിന്തയും അമിതസുഖേച്ഛയും ആർഭാടഭ്രമവും സഹനങ്ങളേറ്റെടുക്കാനുള്ള വൈമനസ്യവും നൈരാശ്യവും പരാജയം സ്വീകരിക്കാനുള്ള ഭീതിയും പിടിവാശികളും ചൂഷണങ്ങളും അതിക്രമങ്ങളും മനുഷ്യജീവനോടുള്ള അനാദരവും പൊതുബോധമില്ലായ്മയും സ്നേഹരാഹിത്യവും നീതിബോധക്കുറവും തിന്മ തിന്മയെന്നറിഞ്ഞിട്ടും മനഃചാഞ്ചല്യമില്ലാതെ പിന്തുടരുന്ന പ്രവണതകളും പാപബോധമറ്റ മനോഭാവവും എന്തുവന്നാലും ആസ്വദിക്കണമെന്ന ചിന്താഗതിയും ഉപയോഗിച്ചു വലിച്ചെറിയുന്ന രീതികളും നമ്മളെ കടന്നാക്രമിക്കുന്പോൾ ക്രിസ്തുവിനെയും അവന്റെ പാതകളെയും പിന്തുടർന്നുകൊണ്ടുള്ള ഒരു നവീകരണവും മാനസാന്തരവുമായിരിക്കണം നമുക്കുണ്ടാകേണ്ടത്. അവിടെയാണ് ജീവിക്കുന്ന ക്രിസ്തുവായി ഒരു ക്രിസ്ത്യാനി രൂപം മാറേണ്ടത്.
"ശക്തി തരൂ സുഖദുഃഖതിരമാലകളിലൂടനായസമെൻ
ചെറുവഞ്ചി തുഴഞ്ഞ് അവിടത്തെ തീരത്തെത്തീടാൻ
നിൻ സേവകളാമെൻ സേവനങ്ങളിലൊക്കെ
സ്നേഹം പുഷ്പിക്കാൻ...
അസ്വസ്ഥതകളുടെ
മുകളിലെൻ മനസിനെ നിലനിർത്താൻ.’
(ഗീതാഞ്ജലി).