വയനാട് പുനരധിവാസം; എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുന്നതിനെതിരായ അപ്പീലുകൾ ഫയലില്‍ സ്വീകരിച്ചു
Saturday, March 22, 2025 1:38 AM IST
കൊച്ചി: വയനാട് ദുരിതബാധിതരുടെ പുനരധിവാസത്തിന് ദുരന്തനിവാരണ നിയമപ്രകാരം എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുന്നതിനെതിരേ എല്‍സ്റ്റോണ്‍, ഹാരിസണ്‍ മാനേജ്മെന്റുകള്‍ സമര്‍പ്പിച്ച അപ്പീലുകളില്‍ ഹൈക്കോടതി 24ന് വിശദമായ വാദം കേള്‍ക്കും.
അപ്പീലുകള്‍ ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് എസ്. മനു എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഫയലില്‍ സ്വീകരിച്ചു. മാതൃകാ ടൗണ്‍ഷിപ്പിന് 27ന് മുഖ്യമന്ത്രി തറക്കല്ലിടുകയാണെന്ന് സര്‍ക്കാരിനായി ഹാജരായ അഡ്വക്കറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണക്കുറുപ്പ് കോടതിയെ അറിയിച്ചു.
എല്‍സ്റ്റോണ്‍ എസ്റ്റേറ്റിലെ 78.73 ഹെക്ടര്‍ ഭൂമിയിലാണ് ആദ്യഘട്ട നിർമാണം. ഭൂമിയുടെ നഷ്ടപരിഹാരത്തുക ഹൈക്കോടതി രജിസ്ട്രിയിലോ സുല്‍ത്താന്‍ ബത്തേരി സബ്കോടതിയിലോ കെട്ടിവയ്ക്കാന്‍ തയാറാണ്.
ഹാരിസണ്‍ എസ്റ്റേറ്റിലെ 65.41 ഹെക്ടര്‍ ഇപ്പോള്‍ ഏറ്റെടുക്കുന്നില്ലെന്നും സർക്കാർ ആവര്‍ത്തിച്ചു. എന്നാല്‍ നഷ്ടപരിഹാരത്തുക നേരിട്ടു ലഭിക്കണമെന്നും സിംഗിള്‍ബെഞ്ച് ഉത്തരവില്‍ ഇതു വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. പുനരധിവാസ പദ്ധതിക്ക് തങ്ങള്‍ എതിരല്ലെന്നും അറിയിച്ചു.
2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരമായിരിക്കണം എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കൽ എന്നതാണു ഹര്‍ജിക്കാരുടെ ആവശ്യം. വ്യവഹാരങ്ങള്‍ 27ലെ ശിലാസ്ഥാപനച്ചടങ്ങിനു തടസമാകരുതെന്ന് സര്‍ക്കാര്‍ നിലപാടെടുത്തു. തുടര്‍ന്നാണ് അപ്പീലുകളില്‍ 24ന് ഉച്ചയ്ക്ക് 1.45ന് വാദം കേള്‍ക്കാമെന്ന് ഡിവിഷന് ബെഞ്ച് അറിയിച്ചത്.