കടൽമണൽ ഖനനം: തീരദേശ സമരയാത്രയുമായി യുഡിഎഫ്
Sunday, March 23, 2025 1:28 AM IST
തിരുവനന്തപുരം: കടൽമണൽ ഖനനം നടത്താനുള്ള കേന്ദ്ര-സംസ്ഥാന സർക്കാർ നീക്കത്തിനെതിരേ ഏപ്രിൽ 21 മുതൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ തീരദേശ സമരയാത്രയുമായി യുഡിഎഫ്. ഏപ്രിൽ 21ന് കാസർഗോഡ് നെല്ലിക്കുന്ന് നിന്ന് ആരംഭിക്കുന്ന തീരദേശ സമരയാത്ര 29ന് വിഴിഞ്ഞം കടപ്പുറത്ത് സമാപിക്കും.
തദ്ദേശ സ്ഥാപനങ്ങളിലെ ഫണ്ട് വെട്ടിക്കുറയ്ക്കുന്ന സംസ്ഥാന സർക്കാർ സമീപനത്തിനെതിരേ തദ്ദേശ സ്ഥാപനങ്ങൾക്കു മുന്നിൽ രാപ്പകൽ സമരവും നടത്തും. ഏപ്രിൽ നാലിനും അഞ്ചിനുമാണ് തദ്ദേശസ്ഥാപനങ്ങൾക്ക് മുന്നിൽ രാപകൽ സമരം.
വന്യമൃഗ ആക്രമണങ്ങൾ തടയാൻ നടപടി സ്വീകരിക്കാത്ത സർക്കാർ സമീപനത്തിനെതിരേ ഫോറസ്റ്റ് റേഞ്ച് ഓഫീസുകൾക്ക് മുന്നിൽ ഏപ്രിൽ 10ന് പ്രതിഷേധ മാർച്ച് നടത്തുമെന്നും യുഡിഎഫ് കണ്വീനർ എം.എം. ഹസൻ അറിയിച്ചു.
പ്രതിപക്ഷ സമ്മർദത്തിന് വഴങ്ങി കടൽ മണൽ ഖനനത്തിനെതിരേ നിയമസഭ പ്രമേയം പാസാക്കിയെങ്കിലും കൊല്ലം തീരത്ത് സർവേക്ക് വന്ന കേന്ദ്ര ഖനന മന്ത്രാലയത്തിന് ധനസഹായം നൽകിയത് സംസ്ഥാന സർക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമാണെന്നു ഹസൻ ആരോപിച്ചു.
ഇതിൽ സംസ്ഥാന സർക്കാരിന്റെ കള്ളക്കളി ജനങ്ങൾക്കു മുന്നിൽ തുറന്നു കാട്ടാനാണ് യുഡിഎഫ് തീരദേശ സമരയാത്ര നടത്തുന്നത്. 21ന് കാസർഗോഡ് നിന്ന് ആരംഭിക്കുന്ന സമരയാത്ര 22ന് കണ്ണൂർ ജില്ലയിലും 23ന് കോഴിക്കോട്, 24ന് മലപ്പുറം, 25ന് തൃശൂർ, 26ന് എറണാകുളം, 27ന് ആലപ്പുഴ, 28ന് കൊല്ലം, 29ന് മുതലപ്പൊഴി, വിഴിഞ്ഞം കടപ്പുറങ്ങളിലും യാത്രനടത്തും. സമരയാത്രയുടെ ഉദ്ഘാടനത്തിലോ സമാപനത്തിലോ പ്രിയങ്ക ഗാന്ധി എംപിയെ പങ്കെടുപ്പിക്കും.
വിഹിതം വെട്ടിക്കുറച്ചതിലൂടെ സ്തംഭനത്തിലായ തദ്ദേശ സ്ഥാപനങ്ങളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് യുഡിഎഫ് രാപ്പകൽ സമരം നടത്തുന്നത്. ഏപ്രിൽ നാലിന് വൈകുന്നേരം നാലു മുതൽ അഞ്ചിന് രാവിലെ എട്ടു മണിവരെ എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്ക് മുന്നിലും സമരം നടത്തും.
ഈ വർഷം 7746.30 കോടി വകയിരുത്തിയതിൽ ഇതുവരെ 4338.54 കോടി രൂപ മാത്രമാണ് ചെലവഴിച്ചതെന്നും ഇതുമൂലം പഞ്ചായത്തുകളുടെയും നഗരസഭകളുടെയും സ്ഥിതി പരിതാപകരമാണെന്നും എം.എം. ഹസൻ പറഞ്ഞു.