വയനാട് പുനരധിവാസം: കേന്ദ്രസർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം
Saturday, March 22, 2025 1:54 AM IST
കൊച്ചി: വയനാട് പുനരധിവാസ പദ്ധതികള്‍ക്കായി അനുവദിച്ച 529.50 കോടിയുടെ വിനിയോഗത്തില്‍ വ്യക്തത വരുത്താത്തതില്‍ കേന്ദ്രസര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.
പണം അനുവദിച്ചപ്പോള്‍ കേന്ദ്രം പറഞ്ഞത് മാര്‍ച്ച് 31നകം പണം ചെലവഴിക്കണമെന്നാണ്. ഇത് അപ്രായോഗികമാണെന്ന് കോടതിതന്നെ ചൂണ്ടിക്കാണിച്ചിരുന്നു. ഇതില്‍ വ്യക്തത വരുത്താന്‍ കോടതി നിര്‍ദേശിച്ചിരുന്നു.
എന്നാല്‍, തുക ചെലവഴിക്കുന്ന കാര്യത്തില്‍ വ്യക്തത വരുത്താതെ ഡിസംബര്‍ 31 വരെ സമയം അനുവദിച്ചതായി കേന്ദ്രം അറിയിച്ചതാണ് വിമര്‍ശനത്തിനു കാരണമായത്. കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനാണോ കേന്ദ്രം ശ്രമിക്കുന്നതെന്നായിരുന്നു കോടതിയുടെ ചോദ്യം.
ഡിസംബര്‍ 31 നകം പദ്ധതി നടപ്പാക്കുക എന്നതും പ്രായോഗികമല്ല. ബന്ധപ്പെട്ട ഏജന്‍സിയുടെ അക്കൗണ്ടിലേക്ക് തുക മാറ്റുകയെന്നതാണു പ്രായോഗികമായ മാര്‍ഗം. കേന്ദ്രം വെറുതെ സമയം പാഴാക്കുകയാണ്.
ഹൈക്കോടതി ആവശ്യപ്പെടുന്ന കാര്യങ്ങള്‍ക്കു കൃത്യമായി മറുപടി നല്‍കേണ്ടതില്ലെന്നാണ് ഡല്‍ഹിയിലിരിക്കുന്നവര്‍ കരുതുന്നതെങ്കില്‍ അവരെ അടുത്ത വിമാനത്തില്‍ ഇവിടേക്ക് വരുത്താനറിയാമെന്നും ജസ്റ്റീസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാരും എസ്. ഈശ്വരനും അടങ്ങിയ ഡിവിഷന് ബെഞ്ച് മുന്നറിയിപ്പ് നല്കി.
കേന്ദ്രത്തോടു തിങ്കളാഴ്ച സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ഉരുള്‍പൊട്ടല്‍ മാലിന്യങ്ങള്‍ എന്നുമുതല്‍ നീക്കിത്തുടങ്ങുമെന്ന് അറിയിക്കണമെന്ന് സംസ്ഥാനസര്‍ക്കാരിനും ദുരന്തനിവാരണ അഥോറിറ്റിക്കും കോടതി നിര്‍ദേശം നല്കി.