കെ-റെയിൽ വരാൻ സാധ്യതയില്ലെന്ന് ഇ. ശ്രീധരൻ
Sunday, March 23, 2025 1:28 AM IST
പാലക്കാട്: കെ-റെയിൽ വരാൻ യാതൊരു സാധ്യതയുമില്ലെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. ബദൽ നിർദേശം നൽകിയിട്ടുണ്ടെന്നും അത് സർക്കാരിന് ഇഷ്ടമായെന്നും ശ്രീധരൻ കൂട്ടിച്ചേർത്തു.
ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാത്തതാണ് ബദൽ പദ്ധതി. കേന്ദ്രസർക്കാർ ഉറപ്പുനൽകുന്നതിൽ മാത്രമാണ് ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്കുള്ള ആശങ്കയെന്നും അദ്ദേഹം പറഞ്ഞു.
കെ-റെയിലിന് കേന്ദ്രസർക്കാർ അംഗീകാരം നൽകില്ല. അത് മാറ്റിവച്ചിട്ടു വേണം പുതിയ പദ്ധതി അവതരിപ്പിക്കാൻ. പരിസ്ഥിതി ആഘാതം, ഭൂമിയേറ്റെടുക്കൽ എല്ലാം കുറഞ്ഞതാണ് പുതിയ പദ്ധതി. അണ്ടർഗ്രൗണ്ടും എലിവേറ്റഡുമായ പാതയാണ് ഇതിൽ കൂടുതലും വരുന്നത്. പദ്ധതിക്ക് റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി വേണ്ടതുണ്ട്.
ഡിഎംആർസിയെക്കൊണ്ട് പദ്ധതി നടപ്പാക്കാനാണ് താൻ ആഗ്രഹിക്കുന്നത്. കാരണം അതുപോലൊരു പ്രോജക്ട് അവർ മുന്പ് തയാറാക്കിയിട്ടുണ്ട്. കെ-റെയിൽ തങ്ങൾ മാറ്റിവച്ചു, പുതിയ പദ്ധതി എടുക്കാൻ തയാറാണെന്നു കാണിച്ച് റെയിൽവേ മന്ത്രാലയത്തിന്റെ അനുമതിക്കായി മുഖ്യമന്ത്രി ഒരു കത്തെഴുതണമെന്നു താൻ ആവശ്യപ്പെട്ടിരുന്നു. മന്ത്രിയെ കണ്ട് അനുമതി വാങ്ങിത്തരമാമെന്നും പറഞ്ഞിരുന്നു. എന്നാൽ ആ കത്ത് ഇതുവരെ പോയിട്ടില്ലെന്നും ശ്രീധരൻ പറഞ്ഞു.