എംജി സര്‍വകലാശാലയുടെ നേട്ടം അഭിമാനകരമെന്ന് മന്ത്രി ആര്. ബിന്ദു
Sunday, March 23, 2025 1:28 AM IST
കാസർഗോഡ്: മഹാത്മാഗാന്ധി സര്‍വകലാശാല യുജിസിയുടെ പ്രഥമ പട്ടികയില്‍ ഇടം നേടിയത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കാകെ അഭിമാനകരമാണെന്ന് മന്ത്രി ആര്. ബിന്ദു പറഞ്ഞു. കാസര്‍ഗോഡ് അതിഥി മന്ദിരത്തില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.
യുജിസിയുടെ കാറ്റഗറി ഒന്ന് വിഭാഗത്തില്‍ ഉള്‍പ്പെട്ടതോടെ എംജി സർവകലാശാലയ്ക്ക് കൂടുതല്‍ സ്വതന്ത്ര ഗവേഷണങ്ങള്‍ ഏറ്റെടുക്കാനും സൗകര്യങ്ങള്‍ വിപുലീകരിക്കാനും കഴിയും. നാക് അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട് എ പ്ലസ് പ്ലസ് ഗ്രേഡാണ് സര്‍വകലാശാലയ്ക്ക് ലഭിച്ചിട്ടുള്ളത്.
എന്‍ആര്‍എഫ് റാങ്കിംഗില്‍ പൊതു സര്‍വകലാശാലകളുടെ വിഭാഗത്തില്‍ 9, 10, 11 സ്ഥാനങ്ങളില്‍ കേരളത്തിലെ മൂന്ന് സര്‍വകലാശാലകള്‍ ഇടം നേടിയതും അഭിമാനകരമാണെന്ന് മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ലാംഗ്വേജ് നെറ്റ് വർക്ക് സെന്റര്‍ ഓഫ് എക്സലന്‍സിന്റെ ഒരു കേന്ദ്രം കാസര്‍ഗോഡ് ആരംഭിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.