മന്ത്രി വീണാ ജോർജ് പിണറായി വിജയനു പഠിക്കുന്നുവെന്ന് കെ. സുധാകരൻ
Saturday, March 22, 2025 1:38 AM IST
തിരുവനന്തപുരം: ക്യൂബൻ സംഘത്തെ കാണാൻ ഡൽഹിക്കു പോയ ആരോഗ്യമന്ത്രി വീണാ ജോർജ് അത് ആശാ വർക്കർമാരുടെ ചെലവിലാക്കി അപമാനിച്ചത് മന്ത്രി, മുഖ്യമന്ത്രി പിണറായി വിജയനു പഠിക്കുന്നതുകൊണ്ടാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി.
കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന ചൊല്ലാണ് ഓർമ വരുന്നത്. നേരത്തേ നിശ്ചയിച്ചിരുന്ന ഡൽഹി പരിപാടിയാണ് മന്ത്രി പൊടുന്നനെ ആശാ വർക്കേഴ്സിന്റെ അക്കൗണ്ടിലേക്കു മാറ്റിയത്.
ഫെബ്രുവരി 10 മുതൽ സമരവും തുടർന്ന് നിരാഹാര സമരവും നടത്തുന്ന ആശാ വർക്കർമാർക്ക് നേരിയ പ്രതീക്ഷ നല്കിയശേഷം അവരെ പിന്നിൽനിന്നു കുത്തുകയായിരുന്നു. കേന്ദ്രമന്ത്രിയെ കാണാൻ പോകുകയാണെന്ന് മന്ത്രിയുടെ ഓഫീസാണ് പ്രചരിപ്പിച്ചത്. അതു നടക്കാതെ വന്നപ്പോൾ മീഡിയയെ കുറ്റപ്പെടുത്തുന്നു. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് ഈ മന്ത്രി പ്രവർത്തിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.