മുഴപ്പിലങ്ങാട് സൂരജ് വധം; 9 സിപിഎമ്മുകാർ കുറ്റക്കാർ
Saturday, March 22, 2025 1:38 AM IST
തലശേരി: മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവർത്തകനായിരുന്ന എളമ്പിലായി സൂരജിനെ (32) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഴപ്പിലങ്ങാട് മുൻ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ ഒന്പത് സിപിഎം പ്രവർത്തകർ കുറ്റക്കാരാണെന്നു പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെ.ടി. നിസാർ കണ്ടെത്തി. ഒരാളെ കുറ്റക്കാരനല്ലെന്നു കണ്ട് വെറുതെ വിട്ടു. പ്രതികൾക്കുള്ള ശിക്ഷ 24നു വിധിക്കും.
ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതിയായ പാനൂർ പത്തായക്കുന്ന് കാരായിന്റവിട സ്വദേശി ടി.കെ. രജീഷ് (50), തലശേരി കൊളശേരി കാവുംഭാഗത്തെ കോമത്ത് പാറാൽ എൻ.വി. യോഗേഷ് (40), എരഞ്ഞോളി അരങ്ങേറ്റുപറമ്പിലെ കണ്ട്യൻ വീട്ടിൽ ജിത്തു എന്ന ഷംജിത്ത് (48), മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി പി.എം. മനോജിന്റെ സഹോദരൻ കൂത്തുപറമ്പ് നരവൂരിലെ പുത്തൻപറമ്പത്ത് മമ്മാലി വീട്ടിൽ പി.എം. മനോരാജ് എന്ന നാരായണൻകുട്ടി (51), മുഴപ്പിലങ്ങാട് വാണിയന്റെ വളപ്പിൽ നെയ്യോത്ത് സജീവൻ (57), മുഴപ്പിലങ്ങാട് മുൻ പഞ്ചായത്ത് പ്രസിഡന്റും ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ പണിക്കന്റവിട പ്രഭാകരൻ (66), സിപിഎം ലോക്കൽ കമ്മറ്റി അംഗം മുഴപ്പിലങ്ങാട് ബീച്ച് റോഡിലെ പുതുശേരിവീട്ടിൽ ചോയി പപ്പൻ എന്ന പദ്മനാഭൻ(67), മുഴപ്പിലങ്ങാട് കരിയിലവളപ്പിൽ മാനോമ്പേത്ത് രാധാകൃഷ്ണൻ (60), മുഴപ്പിലങ്ങാട് ബീച്ച് റോഡിൽ സോപാനത്തിൽ പുതിയപുരയിൽ പ്രദീപൻ (58) എന്നിവരെയാണു കോടതി കുറ്റക്കാരെന്നു കണ്ടെത്തിയത്. എടക്കാട് കണ്ണവത്തിൽമൂല നാഗത്താൻകോട്ട പ്രകാശനെയാണ് (56) വെറുതെ വിട്ടത്.
കേസിൽ പ്രതികളായിരുന്ന മക്രേരി തെക്കുന്പാടൻ പൊയിൽ രവീന്ദ്രൻ, മുഴപ്പിലങ്ങാട് ലക്ഷംവീട് കോളനിയിലെ പള്ളിക്കൽ പി.കെ. ഷംസുദ്ദീൻ എന്നിവർ കേസിന്റെ വിചാരണയ്ക്കിടെ മരിച്ചു.
2005 ഓഗസ്റ്റ് ഏഴിന് രാവിലെ 8.40ന് മുഴപ്പിലങ്ങാട് എഫ്സിഐ ഗോഡൗണിനു സമീപമാണ് സൂരജ് കൊല്ലപ്പെട്ടത്. സിപിഎം പ്രവർത്തകനായിരുന്ന സൂരജ് ബിജെപിയിൽ ചേർന്ന വിരോധമാണു കൊലപാതകത്തിൽ കലാശിച്ചത്. കൊല്ലപ്പെടുന്നതിനു മുമ്പ് 2004ലും സൂരജിനു നേരെ വധശ്രമമുണ്ടായിരുന്നു. അന്നു ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് ആറുമാസത്തോളം ചികിത്സയിലായിരുന്നു.

28 സാക്ഷികളെയാണു കോടതി വിസ്തരിച്ചത്. 51 രേഖകൾ മാർക്ക് ചെയ്തു. ഒന്പത് തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കി. 44 സാക്ഷികളാണ് ഉണ്ടായിരുന്നത്. രണ്ടു പേർ കൂറുമാറി.
ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ടി.കെ. രജീഷിന്റെ വെളിപ്പെടുത്തലിനെത്തുടർന്നാണ് രജീഷ് ഉൾപ്പെടെ മൂന്നുപേരെക്കൂടി പ്രതിസ്ഥാനത്തു ചേർത്തത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. പി. പ്രേമരാജൻ ഹാജരായി. കണ്ണൂർ എസിപി ടി.കെ. രത്നകുമാറാണു കേസിൽ കുറ്റപത്രം സമർപ്പിച്ചത്.