ഹോസ്റ്റലിൽ ആത്മഹത്യക്ക് ശ്രമിച്ച നഴ്സിംഗ് വിദ്യാർഥിനി മരിച്ചു
Sunday, March 23, 2025 1:28 AM IST
കാഞ്ഞങ്ങാട്: മൂന്നുമാസം മുമ്പ് നഗരത്തിലെ സ്വകാര്യ നഴ്സിംഗ് സ്കൂൾ ഹോസ്റ്റലിൽ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർഥിനി മരിച്ചു. മൻസൂർ സ്കൂൾ ഓഫ് നഴ്സിംഗിലെ മൂന്നാംവർഷ വിദ്യാർഥിനി പാണത്തൂർ സ്വദേശിനി ചൈതന്യ (21) യാണ് മരിച്ചത്.
ഡിസംബർ ഏഴിന് രാത്രി പന്ത്രണ്ടോടെ ഹോസ്റ്റൽ മുറിയിൽ ആത്മഹത്യക്ക് ശ്രമിച്ച ചൈതന്യ അബോധാവസ്ഥയിലായിരുന്നു. തുടക്കത്തിൽ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലുമായി ചികിത്സയിലായിരുന്നു.
ഹോസ്റ്റൽ വാർഡന്റെയും നഴ്സിംഗ് സ്കൂൾ മാനേജ്മെന്റിന്റെയും ഭാഗത്തുനിന്നുണ്ടായ അമിത ജോലിഭാരവും അവഹേളനവുമടക്കമുള്ള കടുത്ത പീഡനങ്ങളെ തുടർന്നാണ് വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ചതെന്നാരോപിച്ച് ആദ്യനാളുകളിൽ നഴ്സിംഗ് സ്കൂളിനു മുന്നിൽ സമരപരമ്പരകൾ അരങ്ങേറിയിരുന്നു. തുടർന്ന് ഹോസ്റ്റൽ വാർഡനെതിരേ മാനേജ്മെന്റ് നടപടിയെടുക്കുകയും പോലീസ് കേസെടുക്കുകയും ചെയ്തു.
വിദ്യാർഥിനിയുടെ ചികിത്സാച്ചെലവുകളും മാനേജ്മെന്റ് ഏറ്റെടുത്തിരുന്നു. മികച്ച ചികിത്സ ഉറപ്പുവരുത്തുന്നതിനായി വിവിധ ആശുപത്രികളിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാണത്തൂരിലെ സദാനന്ദൻ-ഓമന ദമ്പതികളുടെ മകളാണ്. സഹോദരൻ രാംകുമാർ പ്ലസ്ടു വിദ്യാർഥിയാണ്.
പൊലിഞ്ഞത് നിർധന കുടുംബത്തിന്റെ സ്വപ്നങ്ങൾ
നഴ്സിംഗ് വിദ്യാർഥിനി ചൈതന്യയുടെ മരണത്തോടെ പൊലിഞ്ഞത് സ്വന്തമായി ഒരു സെന്റ് ഭൂമിപോലും ഇല്ലാത്ത നിർധന കുടുംബത്തിന്റെ സ്വപ്നങ്ങളാണ്. കോട്ടയത്തുനിന്ന് വർഷങ്ങൾക്കുമുമ്പ് കാസർഗോഡ് ജില്ലയുടെ മലയോരത്തെത്തിയ കുടുംബം വിവിധയിടങ്ങളിൽ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്താണ് കഴിയുന്നത്.
ഇങ്ങനെ സ്വരുക്കൂട്ടിയ സമ്പാദ്യവും പലരിൽനിന്ന് കടം വാങ്ങിയ പണവും കൊണ്ടാണ് മകളെ നഴ്സിംഗ് പഠനത്തിനയച്ചത്.
കുറച്ചുകാലം കനകപ്പള്ളിയിലും തുടർന്ന് പാണത്തൂരിലും കഴിഞ്ഞിരുന്ന കുടുംബം ഇപ്പോൾ പാണത്തൂരിന് സമീപം കർണാടകയിൽ ഉൾപ്പെടുന്ന എള്ളുകൊച്ചി തെനംകുണ്ടിലെ വാടകവീട്ടിലാണ് കഴിയുന്നത്.