തുടയെല്ലില്‍ ബാധിച്ച അപൂര്‍വ അര്‍ബുദരോഗം മാറ്റി മാര്‍ സ്ലീവാ മെഡിസിറ്റി
Sunday, March 23, 2025 1:28 AM IST
പാലാ: യുവതിയുടെ തുടയെല്ലില്‍ ബാധിച്ച അപൂര്‍വ അര്‍ബുദം മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ നടത്തിയ സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. കടുത്തുരുത്തി സ്വദേശിനിയായ 37 കാരിയുടെ കാലിലാണ് അപൂര്‍വ അര്‍ബുദ രോഗം പിടിപെട്ടിരുന്നത്.
കാല്‍മുട്ടിലെ അസഹ്യമായ വേദനയെ തുടര്‍ന്ന് ഇവര്‍ മറ്റ് സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. എക്സ്റേ പരിശോധനയില്‍ തുടയെല്ലില്‍ വളര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്നു സ്കാനിംഗിനു വിധേയയായി. സ്കാനിംഗ് പരിശോധനയില്‍ തുടയെല്ലില്‍ 15 സെന്റിമീറ്ററോളം വലുപ്പത്തില്‍ അര്‍ബുദം കണ്ടെത്തുകയായിരുന്നു. ഇതേ തുടര്‍ന്നാണ് വിദഗ്ധ ചികിത്സക്കായി യുവതി മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ എത്തിയത്.
ഓര്‍ത്തോപീഡിക്സ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. രാജീവ് പി. ബിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ അര്ബുദംകാലിലേക്കുള്ള രക്തക്കുഴലിലേക്കും ഞരമ്പുകളിലേക്കും ബാധിച്ചതായി കണ്ടെത്തി. തുടര്‍ന്ന് ഓങ്കോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. റോണി ബെന്‍സണ്‍, സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. ജോഫിന്‍ കെ.ജോണി എന്നിവരുടെ നിര്‍ദേശപ്രകാരം ബയോപ്സി ചെയ്ത് നടത്തിയ പരിശോധനയിലാണ് പരോസ്റ്റിയല് ഒസ്റ്റിയോസാര്ക്കോമ എന്ന എല്ലിന്റെ അര്‍ബുദ രോഗമാണ് യുവതിയെ ബാധിച്ചിരിക്കുന്നതെന്നു കണ്ടെത്തിയത്.
രക്തക്കുഴലിനും ഞരമ്പുകള്‍ക്കും കേടുപാടുകള്‍ സംഭവിക്കാതെ ശസ്ത്രക്രിയയിലൂടെ അര്‍ബുദം നീക്കണമെന്ന വെല്ലുവിളിയാണ് ഡോക്ടര്‍മാരുടെ മുന്നിലുണ്ടായിരുന്നത്. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ അര്‍ബുദം പൂര്‍ണമായി നീക്കം ചെയ്തു.
നീക്കം ചെയ്ത തുടയെല്ലിന്റെയും കാല്‍മുട്ടിന്റെയും സ്ഥാനത്ത് കൃത്രിമ മുട്ടും, തുടയെല്ലും സന്ധിയും മാറ്റി സ്ഥാപിക്കുകയും ചെയ്തു.
അസ്ഥിരോഗ വിഭാഗം മേധാവി ഡോ. മാത്യു ഏബ്ര ഹാം, സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. രാജീവ് പി.ബി, സീനിയര്‍ രജിസ്ട്രാര്‍ ഡോ. അഭിരാം കൃഷ്ണന്, സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. ജോഫിന്‍ കെ.ജോണി, അനസ്തേഷ്യ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.എബി ജോണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. പിറ്റേ ദിവസം മുതല്‍ യുവതി നടക്കാന്‍ തുടങ്ങുകയും നാല് ദിവസത്തിനു ശേഷം സുഖം പ്രാപിച്ച് ആശുപത്രിയില്‍ നിന്നു മടങ്ങുകയും ചെയ്തു.