വന്യജീവി ശല്യം: സംസ്ഥാനതല കർഷക സമരസംഗമം 26ന്
Sunday, March 23, 2025 1:28 AM IST
ആലക്കോട്: വന്യജീവി ശല്യം പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ട കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം പഴിചാരി ഉത്തരവാദിത്വങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള കര്‍ഷക യൂണിയന് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരങ്ങളുടെ രണ്ടാംഘട്ടമായി 26ന് ചാലക്കുടി ഫോറസ്റ്റ് ഓഫീസ് പടിക്കൽ സംസ്ഥാനതല കർഷകസമര സംഗമം നടത്തുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ബേബി തോട്ടത്തിൽ അറിയിച്ചു. രാവിലെ 11ന് കേരള കോൺഗ്രസ് സംസ്ഥാന ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്യും.
വന്യജീവി ആക്രമണത്തിൽ കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ കേന്ദ്ര സർക്കാരിൽ ഇടപെടുക, 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണനിയമം ഭേദഗതി ചെയ്യുക, കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുക, കൃഷിയിടത്തില്‍ ഇറങ്ങുന്ന വന്യജീവികളെ ഇല്ലായ്മ ചെയ്യാൻ ഉദ്യോഗസ്ഥർക്കും കർഷകർക്കും അനുവാദം നല്‍കുക, നഷ്ടപരിഹാരത്തുക ഉയര്‍ത്തി വേഗത്തിൽ നല്‍കുക, ഫെന്‍സിംഗ്-കിടങ്ങുകള്‍ തുടങ്ങിയവ നിർമിക്കുക, ആനകളിറങ്ങുന്ന പ്രത്യേക മേഖലകളില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ അധ്യക്ഷത വഹിക്കും. പാർട്ടി വൈസ് ചെയർമാൻ എം.പി. പോളി, ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകും.