കേസ് ഭരണഘടനയോടുള്ള വെല്ലുവിളി: മാർ ജോർജ് മഠത്തിക്കണ്ടത്തിൽ
Sunday, March 23, 2025 1:28 AM IST
കോതമംഗലം: ആലുവ - മൂന്നാർ രാജപാതയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഞായറാഴ്ച നടത്തിയ ജനമുന്നേറ്റ യാത്രയിൽ പങ്കെടുത്ത ബിഷപ് മാർ ജോർജ് പുന്നക്കോട്ടിൽ ഉൾപ്പെടെയുള്ളവർക്കെതിരേ വനംവകുപ്പ് രജിസ്റ്റർ ചെയ്ത കേസ് ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന് കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ.
നൂറ്റാണ്ടുകൾ പഴക്കമുള്ള പൊതുവഴിയാണ് രാജപാത. കോതമംഗലത്തിന്റെ സാംസ്കാരിക ചരിത്രത്തിന്റെ ഭാഗമാണ് ഈ റോഡ്.
വനംവകുപ്പിന് യാതൊരു അവകാശവുമില്ലാത്ത ഈ റോഡിലൂടെയുള്ള സഞ്ചാരസ്വാതന്ത്ര്യം അവർ തടയുകയാണ്. ഈ വഴിയിലൂടെ യാത്ര ചെയ്ത ജനപ്രതിനിധികൾ, മത നേതാക്കൾ, പൊതുപ്രവർത്തകർ തുടങ്ങിയവരെ കേസിൽ കുടുക്കി ജനശബ്ദം ഇല്ലാതാക്കാനുള്ള വനംവകുപ്പിന്റെയും പരിസ്ഥിതിവാദികളുടെയും ഗൂഢാലോചനയാണ് ഈ കേസ്.
ജനമുന്നേറ്റ യാത്രയിൽ പങ്കെടുത്ത ആരും വനത്തിൽ കടന്നുകയറുകയോ നഷ്ടങ്ങൾ ഉണ്ടാക്കുകയോ ചെയ്തില്ല. യാതൊരു കാരണവുമില്ലാതെ ആളുകളെ ഭീഷണിപ്പെടുത്തുകയാണ് വനം വകുപ്പ്. നീതിക്കുവേണ്ടിയുള്ള ഈ പോരാട്ടത്തിൽ ഇത്തരം ഭീഷണികൾ വിലപ്പോകില്ല.
ആളുകളുടെ ജീവിക്കാനുള്ള അവകാശങ്ങളിലേക്ക് കടന്നുകയറ്റം നടത്തുന്ന വനംവകുപ്പിനെ നിയന്ത്രിക്കാൻ സർക്കാർ തയാറായില്ലെങ്കിൽ വലിയ ജനകീയ പ്രക്ഷോഭമുണ്ടാകും. ജനമുന്നേറ്റ യാത്രയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ നിയമനടപടികളും പിൻവലിച്ച് വനംവകുപ്പ് ജനങ്ങളോടു മാപ്പ് പറയണമെന്നും ബിഷപ് ആവശ്യപ്പെട്ടു.