ക്ഷാമബത്ത: ജീവനക്കാർക്ക് നഷ്ടം 71,760 രൂപ മുതൽ 5.20 ലക്ഷം വരെ
Sunday, March 23, 2025 1:28 AM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്ക് മൂന്നു ശതമാനം ക്ഷാമബത്ത (ഡിഎ) അനുവദിച്ചപ്പോൾ കുടിശിക നൽകാത്തതു വഴി ജീവനക്കാർക്കുണ്ടായത് വലിയ നഷ്ടം.
39 മാസത്തെ ക്ഷാമബത്ത കുടിശിക നഷ്ടമായതു വഴി ഏറ്റവും താഴ്ന്ന ശന്പള സ്കെയിലുള്ള സർക്കാർ ജീവനക്കാർക്ക് ഇതുവരെ 71,760 രൂപയുടെ നഷ്ടമുണ്ടായെന്നാണു ധന വകുപ്പ് ഉദ്യോഗസ്ഥർ കരുതുന്നത്.
ഏറ്റവും ഉയർന്ന സ്കെയിലിലുള്ള ജീവനക്കാർക്ക് 5.20 ലക്ഷം രൂപ വരെ ഇതുവരെ നഷ്ടമായി. തുടർച്ചയായി മൂന്നാം തവണയാണ് പ്രഖ്യാപിച്ച ക്ഷാമബത്തക്ക് കുടിശിക അനുവദിക്കാത്തത്.
മുൻകാലങ്ങളിൽ ക്ഷാമബത്ത പ്രഖ്യാപിക്കുന്പോൾ അർഹതപ്പെട്ട കുടിശിക ജീവനക്കാരുടെ പിഎഫിൽ ലയിപ്പിക്കുമായിരുന്നു. പെൻഷൻകാർക്ക് കുടിശിക പണമായി ലഭിക്കുമായിരുന്നു.
രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ ശേഷം ജീവനക്കാർക്ക് ആകെ മൂന്നു ഗഡു ഡിഎയാണ് അനുവദിച്ചത്.
ആറ് ഗഡു ഡിഎയാണ് കുടിശികയുള്ളത്. അനുവദിച്ച ഡിഎ തന്നെ തന്നത് ഓരോന്നും 39 മാസത്തെ കുടിശിക കവർന്നെടുത്ത ശേഷമാണെന്നു പ്രതിപക്ഷ സർവീസ് സംഘടനകൾ ആരോപിക്കുന്നു. പ്രതിപക്ഷ സർവീസ് സംഘടനകളുടെ കണക്കു പ്രകാരമെങ്കിൽ 117 മാസത്തെ ഡിഎ കുടിശികയുണ്ട്.
2021 ജനുവരിയിലെ 2% ഡിഎ 2024 ഏപ്രിൽ ഒന്നു മുതലാണ്. ഇതുവഴി തന്നെ ജീവനക്കാർക്കു വലിയ തുക നഷ്ടമായി. 2021 ജൂലൈ മുതലുള്ള മൂന്നു ശതമാനം ഡിഎ അനുവദിച്ചത് 2024 ഒക്ടോബറിലാണ് അനുവദിച്ചത്. ഇതുവഴി 26,910 രൂപ മുതൽ രണ്ടു ലക്ഷം രൂപ വരെ ജീവനക്കാർക്കു നഷ്ടമുണ്ടായി.
2022 ജനുവരി മുതലുള്ള 3% ഡിഎ അനുവദിച്ചത് 2025 ഏപ്രിൽ മുതലാണ്. കുടിശിക ഇപ്പോഴും അനുവദിച്ചില്ല. ഇത്രയും നാളത്തെ ഡിഎ കുടിശികവഴി 26,910 രൂപ മുതൽ 1,95,156 രൂപ വരെയാണ് ജീവനക്കാരുടെ നഷ്ടം.
പെൻഷൻകാർക്ക് 2,61,876 രൂപ വരെ നഷ്ടമുണ്ടായെന്നാണു കണക്കുകൾ. 11,500 രൂപ അടിസ്ഥാന പെൻഷനുള്ള ആൾക്ക് പെൻഷന്റെ മൂന്നിരട്ടിയിലേറെ നഷ്ടമുണ്ടായി. ഉയർന്ന പെൻഷൻ വാങ്ങുന്നവർക്ക് 2.62 ലക്ഷം രൂപയായി നഷ്ടം ഉയരും.
ക്ഷാമാശ്വാസം കുടിശിക ലഭിക്കാതെ പതിനായിരക്കണക്കിന് സർവീസ് പെൻഷൻകാരാണ് മരണമടഞ്ഞത്. ഇതുവഴി തന്നെ സംസ്ഥാന ഖജനാവിനു കോടിക്കണക്കിനു രൂപ ലഭിച്ചതായാണ് ധനവകുപ്പിന്റെ കണക്ക്.