അങ്കണവാടി ജീവനക്കാരുടെ രാപ്പകല്‍ സമരം ഏഴാം ദിവസത്തിലേക്ക്
Sunday, March 23, 2025 1:28 AM IST
തിരുവനന്തപുരം: ഇന്ത്യന്‍ നാഷണല്‍ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷന്റെ (ഐഎന്‍ടിയുസി) നേതൃത്വത്തില്‍ നടന്നു വരുന്ന അങ്കണവാടി ജീവനക്കാരുടെ രാപ്പകല്‍ സമരം ഏഴാം ദിവസത്തിലേക്ക് കടന്നു.
ഇന്നലെ നടന്ന സമരപരിപാടികള്‍ അടൂര്‍ പ്രകാശ് എംപി ഉദ്ഘാടനം ചെയ്തു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അങ്കണവാടി ജീവനക്കാരുടെ പ്രശ്നങ്ങളോടു കാണിക്കുന്നത് നിഷേധാത്മക നിലപാടാണെന്നും ഇതിനു പരിഹാരം കാണാന്‍ വേണ്ടി ഇന്ത്യന്‍ പാര്‍ലമെന്റില്‍ നിരന്തരമായി അങ്കണവാടിക്കാരുടെ പ്രശ്നങ്ങള്‍ ഇനിയും ഉന്നയിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്കി.
യൂണിയന് പ്രസിഡന്റ് അജയ് തറയിലിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സമരത്തിനു മുന്‍ കെപിസിസി പ്രസിഡന്റുമാരായ വി.എം. സുധീരന്, കെ. മുരളീധരന് എന്നിവര്‍ അഭിവാദ്യം അര്‍പ്പിച്ചു പ്രസംഗിച്ചു.
കേരള സര്‍ക്കാര്‍ ദുരഭിമാനം വെടിഞ്ഞ് അങ്കണവാടി ജീവനക്കാരുടെ പ്രതിനിധികളുമായി ചര്‍ച്ചയ്ക്ക് തയാറാവണമെന്നു സധീരന്‍ പറഞ്ഞു. കേരള സര്‍ക്കാര്‍ തങ്ങളുടെ ഇഷ്ടക്കാര്‍ക്ക് വാരിക്കോരി കൊടുക്കുന്നുണ്ടെന്നും അതേ സര്‍ക്കാര്‍ അങ്കണവാടി ജീവനക്കാരയായ സ്ത്രീ തൊഴിലാളികളോടു കാണിക്കുന്നത് നീതികരിക്കാന്‍ പറ്റുന്നതല്ലെന്നും കെ. മുരളീധരന് പറഞ്ഞു.
കെപിസിസി രാഷ്ട്രീയകാര്യ സമതി അംഗങ്ങളായ ജോസഫ് വാഴയ്ക്കന്, ബിന്ദു കൃഷ്ണ, ഐഎന്‍ടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ജെ. ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.