മിനിമം മാർക്ക് നേടിയില്ലെങ്കിൽ എട്ടാം ക്ലാസിൽ പുനഃപരീക്ഷ
Sunday, March 23, 2025 2:42 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ എട്ടാം ക്ലാസിലെ വാർഷിക പരീക്ഷയിൽ മിനിമം മാർക്കായ 30 ശതമാനം മാർക്ക് നേടാത്ത കുട്ടികൾക്കു പുനഃപരീക്ഷ നടത്താൻ ക്യുഐപി യോഗ തീരുമാനം.
മിനിമം മാർക്ക് നേടാത്ത കുട്ടികൾക്ക് രണ്ടാഴ്ചത്തെ പഠന പിന്തുണ നൽകിയ ശേഷം ഏപ്രിൽ 25 മുതൽ 28 വരെയാണ് പുനഃപരീക്ഷ നടത്തുക. ഏപ്രിൽ 30ന് പുനഃപരീക്ഷാഫലം പ്രസിദ്ധീകരിക്കാനും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ക്യുഐപി യോഗം തീരുമാനിച്ചു.
വാർഷികപരീക്ഷാ പേപ്പറുകൾ മൂല്യനിർണയം പൂർത്തിയാക്കി ഏപ്രിൽ നാലിനകം അധ്യാപകർ സ്കൂളിൽ ഏല്പിക്കണം. 30 ശതമാനം മാർക്ക് നേടാത്ത കുട്ടികളുടെ പട്ടിക ഏപ്രിൽ അഞ്ചിന് തയാറാക്കണം. ഏപ്രിൽ ആറ്, ഏഴ് തീയതികളിലായി കുട്ടിയുടെ രക്ഷാകർത്താവിനെ വിളിച്ചുവരുത്തി ഇക്കാര്യം ബോധ്യപ്പെടുത്തണം.
ഏപ്രിൽ എട്ടു മുതൽ 24 വരെ പഠനപിന്തുണ ക്ലാസുകൾ നൽകും. 30 ശതമാനം കിട്ടാത്ത വിഷയങ്ങളിൽ മാത്രമായിരിക്കും പഠനപിന്തുണ ക്ലാസ് നൽകുക. പുനഃപരീക്ഷാഫലം 30നു പ്രസിദ്ധീകരിക്കും. ശാരീരിക വൈകല്യമുള്ള കുട്ടികളെ ക്ലാസുകളിൽ നിന്ന് ഒഴിവാക്കാം.
പഠനപിന്തുണയും പുനഃപരീക്ഷയും നടത്തിയ കുട്ടികൾക്കും ഒൻപതാം ക്ലാസിലേക്ക് സ്ഥാനക്കയറ്റം നൽകും. അടുത്ത വർഷം എട്ടാം ക്ലാസിനു പുറമെ ഒൻപതിലും തൊട്ടടുത്ത അധ്യയന വർഷം എസ്എസ്എൽസി പരീക്ഷയിലും മിനിമം മാർക്ക് രീതി കൊണ്ടുവരും. സ്കൂൾ അധ്യാപകരുടെ അവധിക്കാല പരിശീലനം മേയ് 19 മുതൽ 23 വരെ നടത്തും.
മുഖ്യ റിസോഴ്സ് ഗ്രൂപ്പിനുള്ള പരിശീലനം ഏപ്രിൽ എട്ടു മുതൽ 12 വരെയും സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പിനുള്ള പരിശീലനം 22 മുതൽ 26 വരെയും നടക്കും. രണ്ടു ഘട്ടം ആവശ്യമുള്ള ജില്ലകളിൽ മേയ് 23നു ശേഷം ഒരു ഘട്ടംകൂടി അധ്യാപക പരിശീലനം നടത്തും.
എയ്ഡഡ് അധ്യാപക നിയമനാംഗീകാരത്തിന് എജിയുടെ ഉപദേശം
എയ്ഡഡ് അധ്യാപക നിയമന അംഗീകാരവുമായി ബന്ധപ്പെട്ട് എൻഎസ്എസ് മാനേജ്മെന്റിന്റെ കേസിൽ വന്ന സുപ്രീംകോടതി വിധി അർഹരായ മുഴുവൻ മാനേജ്മെന്റുകൾക്കും ബാധകമാക്കണമെന്ന് അധ്യാപക സംഘടനകൾ യോഗത്തിൽ ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ അഡ്വക്കറ്റ് ജനറലിൽ നിന്ന് നിയമോപദേശം തേടി തുടർ നടപടി സ്വീകരിക്കുമെന്നു മന്ത്രി വി. ശിവൻകുട്ടി മറുപടി നൽകി. 2019 വരെ നിയമനം നേടിയ അധ്യാപകർക്ക് കെ ടെറ്റ് യോഗ്യത നേടാൻ ഒരു അവസരം കൂടി നൽകണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.