കാണാതായ വ്യാപാരിയുടെ മൃതദേഹം മാൻഹോളിൽ കുഴിച്ചിട്ട നിലയിൽ
Sunday, March 23, 2025 2:42 AM IST
തൊടുപുഴ: സാന്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുണ്ടായ വൈരാഗ്യത്തത്തുടർന്ന് ബിസിനസ് പങ്കാളിയെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി കേറ്ററിംഗ് സ്ഥാപനത്തിന്റെ ഗോഡൗണിലെ മാലിന്യക്കുഴിയിലെ മാൻഹോളിൽ തള്ളി.
മണ്ണും കോണ്ക്രീറ്റും ഉപയോഗിച്ചു മൂടിയ കുഴിയിലെ മൃതദേഹം ഇന്നലെ പോലീസ് കണ്ടെടുത്തു. തൊടുപുഴ കലയന്താനിക്കു സമീപം ചെത്തിമറ്റത്താണ് നിഷ്ഠുരമായ കൊലപാതകം നടന്നത്. തൊടുപുഴ ചുങ്കം മുളയിങ്കൽ ബിജു ജോസഫിനെ (50) ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ ബിജുവിന്റെ ബിസിനസ് പങ്കാളിയായ ദേവമാതാ കേറ്ററിംഗ് സ്ഥാപന ഉടമ കലയന്താനി തേക്കുംകാട്ടിൽ ജോമോൻ ജോസഫ് (51), ക്വട്ടേഷൻ സംഘാംഗങ്ങളായ എറണാകുളം ഇടമനക്കാട് പള്ളത്ത് മുഹമ്മദ് അസ്ലം (36), കണ്ണൂർ ചെറുപുഴ കളരിക്കൽ ജോമിൻ കുര്യൻ (25) എന്നിവരെ ഇന്നലെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ ഉൾപ്പെട്ട കാപ്പാ കേസ് പ്രതിയായ വടക്കേക്കര പൊയ്യാതുരുത്തിൽ ആഷിക് ജോണ്സണെ (27) പോലീസ് നേരത്തേ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. കലയന്താനിയിലെ ഗോഡൗണിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
ജോമോനെ ആലുവയിൽ നിന്നും മറ്റു രണ്ടു പ്രതികളെ എറണാകുളത്തു നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ വ്യാഴാഴ്ച മുതൽ ബിജുവിനെ കാണാതായിരുന്നു. രാവിലെ സ്കൂട്ടറിൽ വീട്ടിൽനിന്നു പോയ ബിജു തിരികെയെത്താത്തതിനെത്തുടർന്ന് വെള്ളിയാഴ്ച ഭാര്യ മഞ്ജു തൊടുപുഴ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ബിജുവിന്റെ ഭാര്യ നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയ പോലീസ് ഇയാളുമായി ശത്രുതയുള്ളവരുടെ വിവരങ്ങൾ ശേഖരിച്ചു.
ബിജുവുമായി ജോമോന് സാന്പത്തിക തർക്കമുണ്ടായിരുന്നതായി ബന്ധുക്കൾ മൊഴി നൽകി. ഇതിനു പുറമെ ബിജുവിന്റെ ചെരിപ്പ് സമീപത്തുനിന്നും കണ്ടെത്തി. ഇതിനിടെ വാനിൽ നിന്നും ആരോ നിലവിളിക്കുന്നതിന്റെ ശബ്ദം കേട്ടതായി സമീപവാസികൾ നൽകിയ മൊഴിയും വാഹനത്തിൽ വലിച്ചു കയറ്റുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും വഴിത്തിരിവായി.
ജോമോനെ അന്വേഷിച്ച് പോലീസ് വീട്ടിലെത്തിയെങ്കിലും ഇയാൾ അവിടെ ഇല്ലായിരുന്നു. ഇതിനിടെ ഇയാളുടെ സഹോദരനിൽനിന്നും ചില വിവരങ്ങൾ പോലീസിനു ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജോമോനെ ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്നും ഇയാൾ നൽകിയ വിവരത്തെത്തുടർന്ന് മറ്റു പ്രതികളെയും പിടികൂടുകയായിരുന്നു.
ബിജുവിനെ കൊലപ്പെടുത്തി ഗോഡൗണിലെ മാൻഹോളിൽ തള്ളിയതായി പ്രതികൾ മൊഴി നൽകി. ജോമോനും ബിജുവും ചേർന്ന് കേറ്ററിംഗ്, ആംബുലൻസ്, മൊബൈൽ മോർച്ചറി തുടങ്ങി വിവിധ ബിസിനസുകൾ നടത്തിയിരുന്നു. ബിസിനസിൽ നഷ്ടമുണ്ടായതോടെ ജോമോൻ മുടക്കിയ പണം തിരികെ ചോദിച്ചു.
ഇതിനു പുറമെ പോലീസിൽ പരാതി നൽകുകയും ചെയ്തു. പോലീസ് ഇടപെട്ട് ഇരു കൂട്ടരെയും വിളിച്ചു വരുത്തി ഒത്തു തീർപ്പുണ്ടാക്കിയിരുന്നെങ്കിലും ധാരണ ബിജു പാലിച്ചില്ലെന്നായിരുന്നു ജോമോന്റെ പരാതി. ഇതേ തുടർന്നാണ് ജോമോൻ ക്വട്ടേഷൻ നൽകിയത്.
രാവിലെ സ്കൂട്ടറിൽ പോയ ബിജുവിനെ വാനിലെത്തിയ സംഘം തടഞ്ഞു നിർത്തി തട്ടിക്കൊണ്ടു പോകുകയായിരുന്നു. വാനിൽ കയറ്റിയ സംഘം മർദിച്ചതോടെ ഇയാൾ നിലവിളിച്ചു. ഇതോടെ അക്രമികൾ തലയ്ക്കടിയ്ക്കുകയും കഴുത്തിനു ചവിട്ടിപ്പി ടിക്കുകയും ചെയ്തു.
ഗോഡൗണിൽ എത്തിച്ച് കെട്ടിയിട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു ലക്ഷ്യം. എന്നാൽ ഇവിടെ എത്തിയപ്പോഴേക്കും ബിജുവിന്റെ ജീവൻ നഷ്ടമായി. ഇതോടെയാണ് മാലിന്യക്കുഴിയുടെ മാൻഹോളിൽ മൃതദേഹം ഒളിപ്പിക്കാൻ തീരുമാനിച്ചത്. അഞ്ച് അടിയോളം താഴ്ചയുള്ള മാൻഹോളിലിറങ്ങി മൂന്നടിയോളം കുഴിയെടുത്ത് അതിനുള്ളിൽ തള്ളികയറ്റിയ നിലയിലായിരുന്നു മൃതദേഹം.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേയ്ക്കു മാറ്റി. ജില്ലാ പോലീസ് മേധാവി ടി.കെ.വിഷ്ണുപ്രദീപ്, ഡിവൈഎസ്പി ഇമ്മാനുവൽ പോൾ, എസ്എച്ച്ഒമാരായ വി.സി. വിഷ്ണുകുമാർ, ഇ.കെ. സോൾജിമോൻ, എസ്ഐ എൻ.എസ്. റോയി, തൊടുപുഴ തഹസിൽദാർ ഒ.എസ്. ജയകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മേൽ നടപടി സ്വീകരിച്ചത്.
മഞ്ജുവാണ് മരിച്ച ബിജുവിന്റെ ഭാര്യ. മക്കൾ: അലീന, ആഷ്ലി, ആൻഡ്രൂസ. സംസ്കാരം നാളെ ചുങ്കം സെന്റ് മേരീസ് പള്ളിയിൽ.