ഷാബാ ഷെരീഫ് വധം; ഒന്നാം പ്രതിക്ക് 13 വർഷം കഠിന തടവ്
Sunday, March 23, 2025 1:28 AM IST
മഞ്ചേരി: മൈസൂരു രാജീവ് നഗർ സ്വദേശിയായ പാരന്പര്യവൈദ്യൻ ഷാബാ ഷെരീഫ് (50) വധക്കേസിൽ കോടതി കുറ്റക്കാരെന്നു കണ്ടെത്തിയ മൂന്ന് പ്രതികൾക്കും മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ശിക്ഷ വിധിച്ചു.
ഒന്നാംപ്രതി നിലന്പൂർ മുക്കട്ട കൈപ്പഞ്ചേരി വീട്ടിൽ ഷൈബിൻ അഷ്റഫി (37)ന് വിവിധ വകുപ്പുകളിലായി 13 വർഷവും ഒന്പത് മാസവും കഠിന തടവും 2.45 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.
രണ്ടാംപ്രതിയും ഷൈബിന്റെ മാനേജരുമായിരുന്ന വയനാട് സുൽത്താൻ ബത്തേരി കൈപ്പഞ്ചേരി സ്വദേശി പൊന്നക്കാരൻ ഷിഹാബുദീ (39) ന് എട്ടു വർഷവും ഒന്പത് മാസവും കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചപ്പോൾ ആറാം പ്രതിയും ഡ്രൈവറുമായ മുക്കട്ട നടുത്തൊടിക നിഷാദി (32) ന് അഞ്ചു വർഷവും ഒന്പത് മാസവും കഠിന തടവും 45000 രൂപ പിഴയുമാണ് ജഡ്ജി എം. തുഷാർ ശിക്ഷ വിധിച്ചത്.
15 പ്രതികളുള്ള കേസിൽ ഒന്പത് പേരെ കോടതി തെളിവുകളുടെ അഭാവത്തിൽ നേരത്തേ വെറുതേ വിട്ടിരുന്നു. കേസിലെ ഏഴാംപ്രതി നൗഷാദിനെ മാപ്പുസാക്ഷിയാക്കി. 14 -ാം പ്രതിയായ ഫാസിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ വർഷം മരിച്ചു.
15 -ാം പ്രതിയായ നിലന്പൂർ മുക്കട്ട പഴയ പോസ്റ്റ് ഓഫീസിനു സമീപത്തെ ഷമീം എന്ന പൊരി ഷമീമിനെ ഇതുവരെ പിടികൂടാനായിട്ടില്ല. മലപ്പുറം പോലീസ് മേധാവിയായിരുന്ന എസ്. സുജിത്ദാസ്, നിലന്പൂർ ഡിവൈഎസ്പി സാജു കെ. ഏബ്രഹാം എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു കേസന്വേഷണം. ഡിഎൻഎ ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളാണ് കേസിൽ നിർണായകമായത്.
2019 ഓഗസ്റ്റ് ഒന്നിന് മൂലക്കുരു ചികിത്സയുടെ രഹസ്യം ചോർത്താൻ ഷാബാ ഷെരീഫിനെ മൈസൂരുവിലെ വീട്ടിൽനിന്നു തട്ടിക്കൊണ്ടുവന്ന് മുക്കട്ടയിലെ ഷൈബിന്റെ വീട്ടിൽ താമസിപ്പിച്ചെന്നും കടുത്ത പീഡനങ്ങൾക്കു വിധേയനാക്കിയെങ്കിലും ഒറ്റമൂലി രഹസ്യം വെളിപ്പെടുത്താത്തതിനെത്തുടർന്ന് 2020 ഒക്ടോബർ എട്ടിന് കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ചാക്കിൽക്കെട്ടി ചാലിയാറിൽ ഒഴുക്കിയെന്നുമാണ് പ്രോസിക്യൂഷൻ കേസ്.
ഷാബാ ഷെരീഫിന്റെ ഭാര്യ, മക്കൾ, പേരക്കുട്ടി, സഹോദരൻ എന്നിവരുൾപ്പെടെ 80 സാക്ഷികളെ പ്രോസിക്യൂഷനുവേണ്ടി ഹാജരായ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ.എം. കൃഷ്ണൻ നന്പൂതിരി കോടതി മുന്പാകെ വിസ്തരിച്ചു. 273 രേഖകളും 56 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രതികളെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു.