സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ശ്രമങ്ങൾ ഫലം കാണുന്നില്ല: കെസിബിസി സർക്കുലർ
Saturday, March 22, 2025 1:38 AM IST
കൊച്ചി: കേരളത്തില്‍ അതിവേഗം വളര്‍ന്നുവരുന്ന മദ്യ-ലഹരി മാഫിയയെ അമര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഒന്നും ഫലം കാണുന്നില്ലെന്ന് കെസിബിസി ടെന്പറൻസ് കമ്മീഷൻ.
സര്‍ക്കാരുകള്‍ പണം കണ്ടെത്തുന്ന കുറുക്കുവഴിയാണ് മദ്യവില്പനയും മദ്യനിര്മാണവുമെന്നും മാർച്ച് 23ലെ മദ്യ-ലഹരിവിരുദ്ധ ഞായറിനോടനുബന്ധിച്ച് കമ്മീഷൻ പുറത്തിറക്കിയ സർക്കുലർ കുറ്റപ്പെടുത്തുന്നു.
മാരകമായ രാസലഹരിയുടെയും മദ്യത്തിന്റെയും നീരാളിപ്പിടിത്തത്തിലാണു കേരളം. എവിടെയും മദ്യവും മയക്കുമരുന്നുകളും സുലഭം. ഇവയ്ക്ക് അടിപ്പെടുന്നവരുടെ സംഖ്യ ക്രമാതീതമായി വര്‍ധിക്കുന്നു.
മദ്യത്തിന്റെയും രാസലഹരിയുടെയും ഉപയോഗംവഴി മനുഷ്യര്‍ ക്രൂരരും അക്രമാസക്തരുമാകുന്നു. കുടുംബങ്ങളില്‍ സമാധാനം ഇല്ലാതാകുന്നു. ബന്ധങ്ങള്‍ തകരുന്നു. ആത്മഹത്യകള്‍ വര്‍ധിക്കുന്നു. സമൂഹത്തെ മുഴുവന്‍ ബാധിച്ചിരിക്കുന്ന സാമൂഹ്യ തിന്മയായി മദ്യ-രാസലഹരി ഉപയോഗം മാറി.
ബാറുകളുടെയും ബിവറേജസ് ഔട്ട്ലറ്റുകളുടെയും എണ്ണം വര്‍ധിപ്പിച്ചും ഐടി പാര്‍ക്കുകളില്‍ ബാറും പബും ആരംഭിച്ചും സ്വകാര്യകമ്പനിക്ക് ബ്രൂവറിക്കുള്ള അനുമതി നല്‍കിയും നാടിനെ മദ്യലഹരിയില്‍ മുക്കിക്കൊല്ലാനുള്ള അണിയറ ഒരുക്കങ്ങള്‍ നടക്കുന്നു. മറുവശത്ത്, പൊതുജനം ശാരീരികമായും മാനസികമായും തകര്‍ന്നുകൊണ്ടിരിക്കുന്നു.
ലഹരിയുടെ വിപണനത്തിനും ഉപയോഗത്തിനും ശാശ്വതപരിഹാരം കാണാന്‍ സഭയ്ക്കും വിശ്വാസികള്‍ക്കും കടമയുണ്ട്. മാരകമായ ഈ വിപത്തു സംബന്ധിച്ച് വിശ്വാസികള്‍ ബോധ്യമുള്ളവരാകണം. കൂട്ടായ പ്രാര്‍ഥനകളും ബോധവത്കരണവും മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും ഇടവകകളിലും കുടുംബങ്ങളിലും നടത്തണം.
രാസലഹരിയുടെ ദോഷഫലങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം. സംസ്ഥാന അതിര്‍ത്തികളിലും റെയില്‍വേ സ്റ്റേഷനുകളിലും ബസ്സ്റ്റാന്‍ഡുകളിലും നിരീക്ഷണം ശക്തമാക്കണം. കേരളത്തിലേക്ക് തൊഴില്‍ തേടി പുറത്തുനിന്ന് വരുന്നവരെ സമ്പൂര്‍ണ പരിശോധനയ്ക്കു വിധേയമാക്കണമെന്നും സർക്കുലർ ആവശ്യപ്പെട്ടു.
കെസിബിസി മദ്യ-ലഹരിവിരുദ്ധ സമിതി ചെയർമാൻ ബിഷപ് യൂഹാനോന്‍ മാര്‍ തെയഡോഷ്യസ്, വൈസ് ചെയർമാന്മാരായ ബിഷപ് മാർ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, ബിഷപ് ഡോ. ആര്. ക്രിസ്തുദാസ് എന്നിവർ ചേർന്നു പുറപ്പെടുവിച്ച സർക്കുലർ നാളെ പള്ളികളിൽ വായിക്കും. ‘മദ്യ-ലഹരിവിരുദ്ധ സഭയും സമൂഹവും’ എന്ന സന്ദേശവുമായാണ് മദ്യ-ലഹരിവിരുദ്ധ ഞായർ ആചരണം.