ആശമാരുടെ നിരാഹാര സമരം മൂന്നാം ദിനത്തിലേക്ക്
Saturday, March 22, 2025 1:38 AM IST
തിരുവനന്തപുരം: ഓണറേറിയ വർധന, വിരമിക്കൽ ആനുകൂല്യം തുടങ്ങി ജീവൽ പ്രധാന അവശ്യങ്ങൾ ഉന്നയിച്ച് ആശാ വർക്കർമാർ നടത്തുന്ന നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്.
കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ബിന്ദു, കമ്മിറ്റി അംഗങ്ങളായ ആർ. ഷീജ, തങ്കമണി എന്നിവരാണ് നിരാഹാര സമരം നടത്തുന്നത്.
രണ്ടാം ദിവസം വൈകുന്നേരത്തോടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട ഷീജയെ പോലീസ് എത്തി ജനറൽ ആശുപത്രിയിലേക്കു മാറ്റി.
ഫെബ്രുവരി 10ന് ആരംഭിച്ച രാപകൽ സമരം ശക്തമായി മുന്നേറുമ്പോഴും അനുകൂല തീരുമാനമെടുക്കാൻ സർക്കാർ തയാറാകാത്തതിനെ തുടർന്നാണ് 39 -ാം ദിവസം ആശാ വർക്കർമാർ നിരാഹാര സമരം ആരംഭിച്ചത്.
ചർച്ചയ്ക്ക് എന്ന പേരിൽ രണ്ടു തവണ സമര നേതൃത്വത്തെ മന്ത്രി വിളിച്ചുവരുത്തിയെങ്കിലും സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി പരിഗണിച്ച് സമരം അവസാനിപ്പിക്കണം എന്ന ആവശ്യം മാത്രമാണ് മുന്നോട്ടുവച്ചത്.
സംസ്ഥാനത്തെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക സംഘടനകളുടെയും വ്യക്തികളുടെയും പൊതുസമൂഹത്തിന്റെ ആകെയും പിന്തുണയോടെയാണ് ആശാ സമരം മുന്നേറുന്നത്.
മുൻ കേന്ദ്ര മന്ത്രി വി. മുരളീധരൻ, സാമ്പത്തിക വിദഗ്ധ ഡോ. മേരി ജോർജ് തുടങ്ങി വിവിധ വ്യക്തികളും സംഘടനകളും ഇന്നലെ പിന്തുണയർപ്പിച്ച് സമരവേദിയിൽ എത്തി.