ആശാ സമരം ; നാളെ കൂട്ട ഉപവാസം
Sunday, March 23, 2025 1:28 AM IST
തിരുവനന്തപുരം: ആശാ സമര വേദിയില്‍ നാളെ കൂട്ട ഉപവാസം നടത്താനുള്ള തയാറെടുപ്പുമായി കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്. 41 ദിവസം പിന്നിടുന്ന ആശാ വര്‍ക്കര്‍മാരുടെ രാപകല്‍ സമരവേദിയില്‍ ആരംഭിച്ച നിരഹാര സമരം നാലാം ദിനത്തിലേക്കു കടന്നു.
കെഎച്ച്ഡബ്ലിയുഎ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എ. ബിന്ദു അശാവര്ക്കര്മാരായ എം.ശോഭാ, കെ.പി. തങ്കമണി എന്നിവരാണ് ഇപ്പോള്‍ നിരാഹാരം തുടരുന്നത്. നിരാഹാര സമരത്തിന്റെ അഞ്ചാം ദിവസമാണ് ആശമാര്‍ കൂട്ട ഉപവാസം പ്രഖ്യാപിച്ചിരിക്കുന്നത്.
എത്തിച്ചേരാന്‍ കഴിയുന്ന പരമാവധി ആശാവര്‍ക്കര്‍മാര്‍ അനിശ്ചിതകാല നിരാഹാര സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് നാളെ സമരപ്പന്തലില്‍ ഉപവസിക്കുമെന്ന് കെഎച്ച്ഡബ്ലിയുഎ ഭാരവാഹികള്‍ അറിയിച്ചു.
എത്തിച്ചേരാന്‍ കഴിയാത്തവര്‍ പ്രാദേശിക തലത്തില്‍ പ്രത്യേക കേന്ദ്രങ്ങളിലോ ജോലിചെയ്യുന്ന സെന്ററുകളിലോ ഉപവാസ സമരം നടത്തും. നിരാഹാര സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം എത്തിയ വിവിധ സംഘടനകളും നാളെ സമരവേദിയില്‍ എത്തും.അതേസമയം സമരത്തിന് സംഭാവനയുമായി ഇന്നലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥി സമരവേദിയില്‍ എത്തി.
മെറിറ്റ് സ്കോളര്‍ഷിപ്പായി ലഭിച്ച തുകയാണ് അര്‍ണവ് കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദന് കൈമാറിയത്. നാലാഞ്ചിറ സര്‍വോദയ സെന്‍ട്രല്‍ വിദ്യാലയ വിദ്യാര്‍ഥിയാണ് അര്‍ണവ്.
ഐക്യദാര്‍ഢ്യവുമായി വിധവകള്‍
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തുന്ന ആശമാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ആലുവയില്‍ പ്രവര്‍ത്തിക്കുന്ന ജനശക്തി വിധവാ സംഘടന പ്രവര്‍ത്തകര്‍ സമരപ്പന്തലില്‍ എത്തി.
സാധാരണ ജനങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്ന ആശമാരുടെ സമരം കണ്ടില്ലെന്നു നടിക്കുന്ന സര്‍ക്കാര്‍ സമീപനം പൊതുസമൂഹത്തോടുള്ള അവഗണനയാണെന്ന് ഐക്യദാര്‍ഢ്യവുമായി എത്തിയ ജനശക്തിവിധവാ സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എസ്. ഹീര പറഞ്ഞു.
വര്‍ഷങ്ങളായി ആലുവ കേന്ദ്രീകരിച്ച് വിധവാ ശക്തികരണത്തിനു വേണ്ടി ശ്രമിക്കുന്ന സംഘടനയാണ് ജനശക്തി വിധവാ സംഘം.