ബിജെപി നേതാവ് അഹല്യ ശങ്കര്‍ അന്തരിച്ചു
Sunday, March 23, 2025 1:28 AM IST
കോഴിക്കോട്: മുതിര്‍ന്ന ബിജെപി വനിതാ നേതാവ് അഹല്യ ശങ്കര്‍ (89) അന്തരിച്ചു. മകന് സലില്‍ ശങ്കറിന്റെ കുതിരവട്ടത്തെ വീട്ടിലായിരുന്നു അന്ത്യം. മൂന്നാഴ്ചയോളം നഗരത്തിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭൗതികദേഹം ഇന്നു രാവിലെ പത്തിന് ബിജെപി ജില്ലാ ഓഫീസായ മാരാര്‍ജി ഭവനില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
സംസ്കാരം 12ന് വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍ നടക്കും. ഭര്‍ത്താവ്: പരേതനായ എന്‍പി. ശങ്കരന്. മക്കള്‍: സലില്‍ ശങ്കര്‍ (എജിഎം, ബേബി മെമ്മോറിയല്‍ ആശുപത്രി) ഷൈബിയ ശങ്കര്‍, ഭഗത്സിംഗ്, സൂര്‍ജിത്ത് സിംഗ്, രത്നസിംഗ്. മരുമക്കള്‍: ബിന്ദു, രൂപ, ഷീന, ഡീനുഭായ്.
രാജ്യത്തെ മുതിര്‍ന്ന വനിതാ നേതാക്കളിലൊരാളായ അഹല്യ ശങ്കര്‍ കോഴിക്കോട് നടന്ന ജനസംഘം സമ്മേളനത്തിലൂടെ സജീവ രാഷ്ട്രീയരംഗത്തെത്തി. നിരവധി കോര്പറേഷന് തെരഞ്ഞെടുപ്പുകളില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു.
1982ലും 1987ലും ബേപ്പൂരില്‍നിന്നും 1996ല്‍ കൊയിലാണ്ടിയില്നിന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. 1989ലും 1991ലും മഞ്ചേരിയില്‍നിന്നും 1997ല്‍ പൊന്നാനിയില്‍നിന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു.