എംഡിഎംഎയുമായി പിടിയിലായ യുവതിയിൽനിന്ന് വീണ്ടും രാസലഹരി
Sunday, March 23, 2025 1:28 AM IST
കൊല്ലം: എംഡിഎംഎയുമായി പോലീസ് പിടികൂടിയ യുവതിയെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നിലയിൽ വീണ്ടും രാസലഹരി കണ്ടെത്തി.
അഞ്ചാലുംമൂട് സ്വദേശി അനില രവീന്ദ്രനെ (34) യാണ് കഴിഞ്ഞദിവസം വൈകുന്നേരം അഞ്ചിന് കാറിൽ സഞ്ചരിക്കവേ 50 ഗ്രാം എംഡിഎംഎയുമായി ശക്തികുളങ്ങര പോലീസ് പിടികൂടിയത്. ഇതിന് മൂന്നുലക്ഷം രൂപ വില വരും.
ഇവരെ കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പ് ആശുപത്രിയിൽ കൊണ്ട് വന്ന് വൈദ്യപരിശോധന നടത്തിയപ്പോഴാണ് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച എംഡിഎംഎ പൊതി കണ്ടെത്തിയത്. ഇത് 40 ഗ്രാം ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
കർണാടകയിൽ നിന്ന് കാറിൽ കൊണ്ടുവരുന്ന എംഡിഎംഎ കൊല്ലത്ത് സ്കൂൾ കോളജ് വിദ്യാർഥികൾക്കാണ് വിതരണം ചെയ്യുന്നത്. കർണാടക രജിസ്ട്രേഷനിലുള്ള സ്വന്തം കാറിലാണ് ഇവർ ഇന്നലെ എംഡിഎംഎയുമായി എത്തിയത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മൂന്ന് സംഘങ്ങളാണ് പോലീസ് പരിശോധന നടത്തിയത്.
നീണ്ടകര പാലത്തിന് സമീപം കാത്തുനിന്ന പോലീസ് സംഘം കൈ കാണിച്ചെങ്കിലും നിർത്തിയില്ല. തുടർന്ന് ശക്തികുളങ്ങര സ്റ്റേഷൻ പരിധിയിലെ ആൽത്തറമൂട്ടിൽ വച്ച് പോലീസ് വാഹനം റോഡിൽ കുറുകെയിട്ട് കാർ തടഞ്ഞാണ് യുവതിയെ പിടികൂടിയത്.
2021-ൽ അനിലയെ എംഡിഎംഎയുമായി തൃപ്പൂണിത്തുറ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.കൊല്ലത്ത് ഇവരുടെ ഇടപാടുകാരും വില്പനയിലെ ഇടനിലക്കാരും ആരൊക്കെ എന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണൻ പറഞ്ഞു.
കൊല്ലം സിറ്റി പോലീസ് ഈയാഴ്ച പിടികൂടിയ നാലാമത്തെ വലിയ രാസലഹരി വേട്ടയാണിതെന്നും കമ്മീഷണർ വ്യക്തമാക്കി.